റിയാദ്: ഫോര്‍മുല വണ്‍ റേസ് എന്ന് കേള്‍ക്കുമ്പോള്‍ ഷൂമാക്കറെയും ലൂയിസ് ഹാമിള്‍ട്ടണെയും മാക്‌സ് വെറസ്റ്റാപ്പെനെയുമാണ് നമുക്ക് ആദ്യം ഓര്‍മ്മ വരിക. ഈ പുരുഷ റേസര്‍മാരെകൂടാതെ എഫ് വണ്ണിലെ വനിതാ റേസര്‍മാരെ അധികം ആര്‍ക്കും അറിയില്ല. ഫോര്‍മുല വണ്‍ റേസ് എന്നത് തന്നെ മലയാളി പെണ്‍കൊടികള്‍ക്ക് അത്ര പരിചയമുള്ള മേഖലയല്ല. എഫ് ഫോര്‍ റേസിന്റെ വനിതാ തലത്തില്‍ മുന്നേറാന്‍ ഒരു വനിതാ മലയാളി താരം തയ്യാറായി നില്‍ക്കുന്നുണ്ട്. സാല്‍വാ മര്‍ജന്‍.
കേരളത്തിലെ പേരാമ്പ്രയില്‍ നിന്നാണ് സല്‍വയുടെ വരവ്. സാധാരണ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച സാല്‍വ ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയാണ്. ഡ്രൈവിങ് പാഷനായ സാല്‍വ 2018ലാണ് പ്രൊഫഷണല്‍ മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ പ്രവേശിച്ചത്. പ്രതിസന്ധികളോട് പടവെട്ടിയാണ് സല്‍വ ഈ നിലയില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ പെൺകുട്ടി ആയതിനാല്‍ ഈ മേഖലയില്‍ എത്തിയതിന്റെ നിരവധി ബുദ്ധിമുട്ടുകളും സാല്‍വ നേരിട്ടു. പെണ്‍കുട്ടി ആയതിന്റെ പേരില്‍ തനിക്ക് കുടുംബത്തില്‍ നിന്ന് യാതൊരു തടസ്സങ്ങളും നേരിട്ടിരുന്നില്ലെന്ന് സാല്‍വ പറയുന്നു. എന്നാല്‍ സാമൂഹം തന്നെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചെന്നും ഇതിനെതിരേ പടവെട്ടിയാണ് താന്‍ റേസിങ് ലോകത്ത് എത്തിയതെന്നും താരം പറയുന്നു.
2018 മുതല്‍ ഇന്ത്യന്‍ എഫ് ഫോര്‍ സര്‍ക്യൂട്ടിലെ മികച്ച ഡ്രൈവര്‍മാരില്‍ ഒരാളാവന്‍ സാല്‍വയ്ക്ക് സാധിച്ചു. തുടര്‍ന്ന് മികച്ച പരിശീലനത്തിന് വേണ്ടി സാല്‍വ യുഎഇയിലേക്ക് മാറുകയായിരുന്നു. 2025 ജനുവരിയില്‍ നടക്കുന്ന ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡിഎല്‍ ഓട്ടോമൊബൈല്‍ സംഘടിപ്പിക്കുന്ന ഫോര്‍മുല ഫോര്‍ റേസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതയാകാന്‍ പോവുകയാണ് 25കാരിയായ സാല്‍വ.
കേരളത്തില്‍ നിന്നുള്ള ആദ്യ എഫ് ഫോര്‍ റേസര്‍ എന്ന റെക്കോഡും ഇനി സാല്‍വയ്ക്ക് സ്വന്തമാകും. കഴിഞ്ഞ വര്‍ഷം നടന്ന എന്‍ട്രി ലെവല്‍ റേസിങ് സീരിസായ ഡിടിഎസ് റേസിങിലെ ഫോര്‍മുല എല്‍ജിബി റേസിങിലും താരം പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന എഫ് ഫോര്‍ ചാംപ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചാംപ്യന്‍ഷിപ്പിലും അവര്‍ മല്‍സരിച്ചു. ഇതുവരെ എഫ് ഫോറില്‍ 150 ലാപ്പുകള്‍ താരം പൂര്‍ത്തിയാക്കി. ഇതില്‍ 119ലും താരം ജയിച്ചു.
ഫോര്‍മുല ഫോര്‍ റേസിങില്‍ പുരുഷന്‍മാരേക്കാളും ഏറെ വെല്ലുവിളികള്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് സാല്‍വ വ്യക്തമാക്കുന്നു. മികച്ച പരിശീലനത്തിനായി വന്‍ തുക ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള വഴികള്‍ ഇല്ലെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ഫോര്‍മുല വണ്ണില്‍ പങ്കെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം. എന്നാല്‍ ഈ കടമ്പ കടക്കാന്‍ കൂടുതല്‍ ചെലവുണ്ട്. എഫ് ത്രീ, എഫ് ടൂ എന്നിവ കഴിഞ്ഞ് വേണം എഫ് വണ്ണില്‍ എത്താന്‍. ഇതിനായി ഏറെ കടമ്പകള്‍ താണ്ടേതുണ്ടെന്നും താരം പറയുന്നു.
ഇന്ത്യയിലെ ഭാവി ഫോര്‍മുല റേസര്‍മാര്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനം തനിക്ക് നടത്തണം. ഏവര്‍ക്കും പ്രചോദനമാവുന്ന നേട്ടങ്ങള്‍ കൈവരിക്കണം. നിലവില്‍ നെക്‌സറ്റ് ലെവല്‍ റേസിങിന്റെ അമ്പാസഡറാണ് താരം. സാല്‍വയുടെ പിതാവ്-ചെമ്പ്ര പനച്ചിങല്‍ കുഞ്ഞാമു.മാതാവ് സുബൈദ. സഹോദരങ്ങള്‍-സഹ്‌ല, സിനാന്‍, സാബിത്ത്.