ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അനാദരവ്. രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കവെ, ഒന്നാം നിരയിൽ ഇരുത്തേണ്ട പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നാലാം നിരയിലേക്ക് മാറ്റി അവഗണിച്ചുവെന്നാണ് വിമർശം.
വെളുത്ത കുർത്ത പൈജാമ ധരിച്ച രാഹുൽ ഗാന്ധി ഒളിംപിക് മെഡൽ ജേതാക്കൾക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോൾ ലംഘനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. പ്രോട്ടോക്കോളനുസരിച്ച്, കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്‌പ്പോഴും മുൻനിരയിൽ തന്നെ സീറ്റ് നൽകേണ്ടതാണ്. എന്നാൽ, ഇത് പാലിക്കാതെ ആദ്യ നിരയിൽ സീറ്റ് നൽകാതെ കേന്ദ്ര സർക്കാർ അപമാനിച്ചുവെന്നാണ് ആക്ഷേപം.
കേന്ദ്രമന്ത്രിമാർക്ക് ഒപ്പം പ്രതിപക്ഷ നേതാവിനും നിർബന്ധമായും സീറ്റ് നൽകേണ്ടതാണ്. എന്നാൽ, കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയതെന്നും ഇത് തികഞ്ഞ അനാദരവും ചട്ടലംഘനവുമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശമുയർന്നു.
എന്നാൽ, പാരീസ് ഒളിംപിക്‌സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് സീറ്റിൽ അത്തരമൊരു ക്രമീകരണമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിടം ഒരുക്കലും പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയാണെന്നിരിക്കെ, പ്രതിപക്ഷ നേതാവിനെ ബോധപൂർവ്വം അപമാനിക്കുകയാണുണ്ടായതെന്നും പ്രോട്ടോക്കോൾ അറിയാത്തവരാണോ കേന്ദ്ര ഉദ്യോഗസ്ഥരെന്നും വ്യാപകമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചെങ്കോട്ടയിൽ രാവിലെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവരാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.