മാഡ്രിഡ്: ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിനായി അരങ്ങേറ്റം കുറിച്ചു. യുവേഫാ സൂപ്പര്‍ കപ്പ് ഫൈനലിലാണ് താരം റയല്‍ മാഡ്രിഡിനായി ആദ്യ മല്‍സരത്തിനായി ഇറങ്ങിയത്. അരങ്ങേറ്റത്തില്‍ തന്നെ സ്‌കോര്‍ ചെയ്താണ് താരം തിളങ്ങിയത്. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയ്‌ക്കെതിരേ സ്‌കോര്‍ ചെയ്ത താരം കിരീട നേട്ടത്തോടെയാണ് റയല്‍ കരിയറിന് തുടക്കമിട്ടത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് റയലിന്റെ ജയം. ഉറുഗ്വെ താരം ഫെഡറിക്കോ വാല്‍വെര്‍ഡേയാണ് 59ാം മിനിറ്റില്‍ റയലിനായി ലീഡെടുത്തത്. 68ാം മിനിറ്റിലാണ് എംബാപ്പെയുടെ ഗോള്‍ നേട്ടം.
ജൂഡ് ബില്ലിങ്ഹാം, വിനീഷ്യസ് ജൂനിയര്‍, റൊഡ്രിഗോ എന്നീ താരങ്ങളെല്ലാം ഇന്ന് റയലിനായി ഇറങ്ങിയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ അറ്റ്‌ലാന്റ വല കുലുക്കാന്‍ റയലിനായിരുന്നില്ല. ആദ്യ പകുതിയില്‍ മല്‍സരം കടുത്തതായിരുന്നുവെന്ന് റയല്‍ മാനേജര്‍ കാര്‍ലോ ആന്‍സെലോട്ടി വ്യക്തമാക്കി. മികച്ച പ്രതിരോധമാണ് അറ്റ്‌ലാന്റ റയലിനെതിരേ തീര്‍ത്തത്.
15ാംമിനിറ്റില്‍ എംബാപ്പെ മികച്ച അവസരം തീര്‍ത്തിരുന്നു. എന്നാല്‍ അറ്റ്‌ലാന്റാ പ്രതിരോധം അവ തടുത്തിട്ടു. ആദ്യ പകുതിയുടെ അവസാന സമയത്തും റൊഡ്രിഗോ മികച്ച മുന്നേറ്റം നടത്തിയിരുന്നു. റയലിന്റെ ലാ ലിഗ സീസണിന് ഞായറാഴ്ച തുടക്കമാവും. മല്ലോര്‍ക്കയ്‌ക്കെതിരേയാണ് റയലിന്റെ ആദ്യ മല്‍സരം. അറ്റ്‌ലാന്റയുടെ സീരി എ സീസണിന് തിങ്കളാഴ്ച തുടക്കമാവും.