അബുദാബി: നിര്‍ണ്ണായക ജീവന്‍രക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഒന്നിച്ചപ്പോൾ അപൂർവ്വ അവയവദാന ശസ്ത്രക്രിയാ വിജയത്തിന് അബുദാബി സാക്ഷിയായി. യു.എ.ഇയിൽ ജോലി ചെയ്യുന്ന നാൽപത്തിമൂന്നുകാരിയായ ഇന്തോനേഷ്യൻ യുവതിക്കാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ‘സൂപ്പര്‍ അര്ജന്റ്’ കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്.
യു.എ.ഇയില്‍ കരള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് അനുയോജ്യമായ അവയവം കണ്ടെത്തി ജീവന് രക്ഷാ ദൗത്യം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സംഘത്തിനായത്. ഇന്തോനേഷ്യൻ സ്വദേശിയായ നൂർ കഴിഞ്ഞ 14 വർഷമായി രാജ്യത്ത് താമസിക്കുന്ന ഒരു എമിറാത്തി കുടുംബത്തിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു. അവൾക്ക് പെട്ടെന്ന് കരളിന് ക്ഷതം സംഭവിച്ചു.സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സെറോനെഗറ്റീവ് ഹെപ്പറ്റൈറ്റിസ് മൂലം കരളിന് സംഭവിച്ച ക്ഷതം വളരെ പെട്ടന്ന് കരളിന്റെ പ്രവര്‍ത്തനം തന്നെ നിലയ്ക്കാന്‍ കാരണമായി.
48-72 മണിക്കൂറിനുള്ളില്‍ കരള്‍ മാറ്റി വയ്ക്കുക മാത്രമാണ് ഈ സാഹചര്യത്തില്‍ ജീവന് രക്ഷിക്കാനുള്ള ഒരേയൊരു വഴി. സമയബന്ധിതമായി ഇത് സാധിച്ചില്ലെങ്കില്‍ എണ്‍പത് ശതമാനം മരണനിരക്ക്. ഉടന്‍ അവയവ ദാതാക്കളെ പ്രാദേശികമായി കണ്ടെത്താനായി മെഡിക്കല്‍ സംഘം യുഎഇ അലേര്‍ട്ട് നല്കി. പക്ഷെ ഇത് ഫലം കണ്ടില്ല. ഉടന്‍ ജിസിസി രാജ്യങ്ങള്‍ക്കെല്ലാമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ഡോണെഷന്‍ ആന്റ് ട്രാന്‍സ്പ്ലാന്റ് അറിയിപ്പ് പുറപ്പെടുവിച്ചു.
24 മണിക്കൂറിനകം കുവൈറ്റില്‍ കരള്‍ ഉണ്ടെന്ന സ്ഥിരീകരണമെത്തി. ഇതോടെ ഡോ. ഗൗരബ് സെന്നിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുവൈറ്റിലേക്ക് പോകാനൊരുങ്ങി. അബ്ഡോമിനല്‍ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. രെഹാന്‍ സൈഫിന്റെ നേതൃത്വത്തിലുള്ള സംഘം ദീര്‍ഘമായ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ബുർജീൽ മെഡിക്കൽ സിറ്റി(ബിഎംസി)യില്‍ സജ്ജരായി.
അടിയന്തര പിന്തുണ ആവശ്യമായ കേസായതിനാല്‍ കുവൈറ്റിലേക്ക് പോകാനും തിരിച്ചുവരാനും മെഡിക്കല്‍ സംഘത്തിന് പ്രൈവറ്റ് ജെറ്റ് ഏര്‍പ്പാടാക്കി യുഎഇ അധികൃതര്‍.
ആരോഗ്യ മന്ത്രാലയം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് – അബുദാബി,കുവൈറ്റ് എംബസി, അബുദാബി എയര്‍പോര്‍ട്സ് തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത പിന്തുണയോടെ സമയബന്ധിതമായി കരളുമായി തിരിച്ചുവരാന്‍ സംഘത്തിനായി. ഇതിനിടെ നൂറിന് മഞ്ഞപിത്തം പിടികൂടിയിരുന്നു.ഗുരുതരമായ കരൾരോഗമുള്ളവരിൽ മഞ്ഞപിത്തത്തിൻ്റെ സാധ്യത ഏറെയാണ്.രക്തസ്രാവം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, അണുബാധ, മറ്റു അവയവങ്ങളുടെ കൂടി പ്രവര്‍ത്തനം നിലയ്ക്കാനുള്ള സാധ്യത എന്നിവ കൂടി വന്നു.തലച്ചോറിനെ പ്രശ്നങ്ങള്‍ ബാധിച്ചു തുടങ്ങിയതും അനസ്തേഷ്യ നല്കി കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മെഡിക്കല്‍ സംഘത്തിന് കഴിയാത്തതും വലിയ വെല്ലുവിളികളായിരുന്നു.
ഡോ. രെഹാന്‍ സൈഫും മലയാളിയായ ഡോ. ജോണ്‍സ് മാത്യുവും (അബ്ഡോമിനല്‍ ട്രാന്‍സ്പ്ലാന്റ്, ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്കോ-ബിലിയറി സര്ജന്) അവയവം എത്തുമ്പോഴേക്കും നൂറിനെ ശസ്ത്രക്രിയയ്ക്കായി ബിഎംസിയില്‍ തയ്യാറാക്കിയിരുന്നു. ട്രാന്‍സ്പ്ലാന്റ് അനസ്തേഷ്യ കണ്‍സള്‍ട്ടന്റ് ഡോ. രാമമൂര്‍ത്തി ഭാസ്കരനും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കരള്‍ ശേഖരണവും, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 14 മണിക്കൂറിനകം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സംഘത്തിനായി. മസ്തിഷ്ക മരണം സംഭവിച്ച അവയവദാനത്തിന് തയ്യാറായ കുവൈറ്റിലെ രോഗിക്കും നിര്‍ണ്ണായക പിന്തുണ നല്കിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഡോക്ടര്‍മാര്‍ നന്ദി പറഞ്ഞു. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ നൂര്‍ തുടര്‍ പരിശോധനകള്‍ തുടരുകയാണ്. അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി നിന്ന ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തൊഴില്‍ ദാതാവായ എമിറാത്തി കുടുംബത്തിനും നൂര്‍ നന്ദി പറഞ്ഞു.