നിലമ്പൂർ / ചൂരൽമല: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി പോത്തുകല്ല് ചാലിയാറിൽ തിരച്ചിലിനുപോയ 14 അംഗ സന്നദ്ധ സംഘം പരപ്പൻപാറയിലെ വനമേഖലയിൽ കുടുങ്ങിയതായി വിവരം. പെട്ടന്നുള്ള കനത്ത മഴയിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ 14 പേരടങ്ങിയ സംഘം വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തികൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവർ വാട്‌സാപ്പ് സന്ദേശത്തിൽ അറിയിച്ചു.
വനമേഖലയോട് ചേർന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും സംഘാംഗങ്ങൾ പ്രതികരിച്ചു. ബുധനാഴ്ച രാവിലെ തിരിച്ചെത്തിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്നാണ് കുടുങ്ങിയവർ ആവശ്യപ്പെട്ടത്. ചാലിയാർ പുഴയോട് ചേർന്നുള്ള വിവിധ സ്ഥലങ്ങളിലാണ് ഇന്നും തിരച്ചിൽ തുടർന്നത്. അതിനിടെയാണ് ഒരു സംഘം തിരിച്ചിലിനിടെ വനമേഖലയിൽ കുടുങ്ങിയത്.
ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴയുണ്ടായി. ഇരുകരകളെയും ബന്ധിപ്പിക്കാൻ നിർമിച്ച താല്കാലിക നടപ്പാലം മഴയിൽ തകർന്നു. കണ്ണാടിപ്പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്. അതിനിടെ, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയിൽ വീണ് ഒഴുക്കിലകപ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.