മാഡ്രിഡ്: അര്‍ജന്റീനയുടെ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസ് പുതിയ സീസണില്‍ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കും. 875 കോടി രൂപയ്ക്കാണ് അത്ലറ്റിക്കോ അര്‍ജന്റീനയുടെ ലോകകപ്പ് താരത്തെ വാങ്ങിയത്. ആറ് വര്‍ഷത്തേക്കാണ് കരാര്‍. അര്‍ജന്റീന ലോകകപ്പ് നേടിയതിന് ശേഷം 2022-ല്‍ റിവര്‍ പ്ലേറ്റില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ അല്‍വാരസ്, രണ്ടുതവണ പ്രീമിയര്‍ ലീഗ് കിരീടവും ഒരുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി. കൂടാതെ സിറ്റിക്കൊപ്പം എഫ്.എ. കപ്പും യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും നേടി.
കോച്ച് ഡീഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് അല്‍വാരസിന്റെ വരവ് ശക്തി പകരും. അത്‌ലറ്രിക്കോയുടെ സൂപ്പര്‍ താരം അല്‍വാരോ മൊറാട്ട എസി മിലാനിലേക്ക് പോയതിന് തുടര്‍ന്നാണ് അത്‌ലറ്റിക്കോ അല്‍വാരസിനെ ടീമിലെത്തിച്ചത്. സിറ്റിയില്‍ മുന്നേറ്റ നിരയില്‍ എര്‍ലിങ് ഹാലന്റാണ് പ്രധാനി. അവസരങ്ങള്‍ കുറയുന്നതിനാലാണ് അല്‍വാരസ് സിറ്റി വിട്ടത്.