പാരിസ്; സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന അന്തരീക്ഷം ഉണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒളിംപിക് വില്ലേജില്‍ നിന്നും പുറത്താക്കിയ പരാഗ്വെ നീന്തല്‍ താരം ലൂണാ അലന്‍സോ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറെകുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. നെയ്മര്‍ തന്റെ ആരാധകനാണെന്നും തനിക്ക് പേഴ്‌സണലായി മെസ്സേജ് അയച്ചിരുന്നുവെന്നുമാണ് അലന്‍സോയെ ഒരു റേഡിയോക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. നെയ്മര്‍ തനിക്ക് ഒരു അപേക്ഷ അയിച്ചിട്ടുണ്ട്. ഇത്രയേ തനിക്ക് പറയാനുള്ളൂവെന്നും അലന്‍സോയെ പറയുന്നു.
നൂറു മീറ്റര്‍ ബട്ടര്‍ ഫ്ളൈ വിഭാഗത്തില്‍ മത്സരിക്കാനെത്തിയ അലന്‍സോയ്ക്ക് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 0.24 സെക്കന്‍ഡിലാണ് ഇവര്‍ക്ക് സെമി യോഗ്യത നഷ്ടമായത്. യോഗ്യതാ മത്സരങ്ങളില്‍ തോറ്റാലും താരങ്ങളെ ഒളിംപിക് വില്ലേജില്‍ താമസിക്കാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അലന്‍സോയുടെ കാര്യത്തില്‍ പരാഗ്വന്‍ അസോസിയേഷന്‍ അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കും വിധം പ്രവര്‍ത്തിച്ചതിന് യുവതാരത്തോട് അധികൃതര്‍ ഉടന്‍ അപാര്‍ട്മെന്റ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
തന്നെ പുറത്താക്കിയതിന് പിന്നാലെ അലന്‍സോ റിട്ടയര്‍മെന്റും പ്രഖ്യാപിച്ചിരുന്നു. ‘ഇപ്പോഴത് ഔദ്യോഗികമായി. ഞാന്‍ നീന്തലില്‍നിന്ന് വിരമിക്കുന്നു. എനിക്കു നല്‍കിയ പിന്തുണയ്ക്ക് നന്ദി. ക്ഷമിക്കണം, പരാഗ്വെ. എനിക്ക് നന്ദി പറയാന്‍ മാത്രമേ ആകുന്നുള്ളൂ’ – വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം കുറിച്ചു. കൈ കൊണ്ട് മുഖം പൊത്തിപ്പിച്ചിടിച്ച സ്വന്തം ചിത്രമാണ് വിരമിക്കല്‍ പ്രഖ്യാപനത്തിനൊപ്പം അലന്‍സോ പങ്കുവച്ചത്. പാരിസ് ഒളിംപിക്സില്‍ നിന്നുള്ള കാഴ്ചകളും അവര്‍ പോസ്റ്റു ചെയ്തു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അലന്‍സോ നിഷേധിച്ചു. ‘എവിടെ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ. ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരം നുണകള്‍ ഒരിക്കലുമെന്നെ ബാധിക്കരുത് എന്നാഗ്രഹിക്കുന്നു’ – അവര്‍ വ്യക്തമാക്കി.
ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ നിരവധി പരാഗ്വന്‍ റെക്കോര്‍ഡുകള്‍ സ്വന്തമുള്ള താരമാണ് അലന്‍സോ. നിലവില്‍ യുഎസ് ഡള്ളാസിലെ സതേണ്‍ മെതോഡിസ്റ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്. 17-ാം വയസ്സില്‍ ടോക്യോ ഒളിംപിക്സില്‍ മത്സരിച്ചതോടെയാണ് ഇവര്‍ രാജ്യാന്തര ശ്രദ്ധ നേടിയത്.