കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരും സ്വത്തും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ ആശ്വാസവചനങ്ങളുമായി പ്രധാനന്ത്രി നരേന്ദ്രമോഡി. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം ദുരന്തബാധിതരുടെ പ്രതിനിധികളായ ഒന്‍പത് പേരുമായി കൂടിക്കാഴ്ച നടത്തി. ചൂരല്‍മല സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. 25 മിനിറ്റോളം അദ്ദേഹം ക്യാമ്പില്‍ ചെലവഴിച്ചു.
ദുരന്തബാധിതര്‍ പ്രധാനമന്ത്രിക്കുമുന്നില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റേതടക്കം വ്യഥകളുടെ കെട്ടഴിച്ചു. ജീവിതം ഇനിയും കെട്ടിപ്പടുക്കാന്‍ ഒപ്പമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു. ദുരന്തബാധിതരെ ശ്രദ്ധിച്ചുകേട്ട പ്രധാനമന്ത്രി ആശ്വസ വാക്കുകള്‍ പറഞ്ഞു. തളരരുതെന്നും വിഷമതകളെ തന്റേടത്തോടെ നേരിടണമെന്നും ഉപദേശിച്ചു.
ക്യാമ്പില്‍നിന്ന് അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതില്‍ അഞ്ച് പേരെ സന്ദര്‍ശിച്ചു. അവന്തിക, അരുണ്‍, അനില്‍, സുകൃതി, റെജില എന്നിവരെയാണ് കണ്ടത്. ഓര്‍ത്തോ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന എട്ടുവയസുകാരി അവന്തികയെയാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിച്ചത്. ദുരന്തം അനാഥയാക്കിയ ബാലികയാണ് വെള്ളാര്‍മല സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അവന്തിക. മുണ്ടക്കൈയിലെ ഓട്ടോ ഡ്രൈവര്‍ പ്രശോഭിന്റെയും ഹാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി വിജയലക്ഷ്മിയുടെയും മകളാണ് ഈ കുട്ടി. ഉരുള്‍പൊട്ടലില്‍ അവന്തികയുടെ അമ്മയും 14 വയസുള്ള സഹോദരന്‍ അച്ചുവും മരിച്ചു. പിതാവ് പ്രശോഭിനെ കണ്ടെത്താനായില്ല. അമ്മയുടെ അമ്മ ലക്ഷ്മിയാണ് അവന്തികയ്ക്ക് ജീവിതത്തില്‍ ഇനി ആശ്രയം. വീട്ടുജോലിക്കാരിയാണ് ഇവര്‍.
ദുരന്തം ഉണ്ടായപ്പോള്‍ മലപ്പുറത്ത് ജോലിസ്ഥലത്ത് ആയിരുന്നു. ഒഴുക്കില്‍പ്പെട്ട് അവന്തിയുടെ വലതുകാല്‍ ഒടിഞ്ഞു. മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റു. കിടക്കയ്ക്ക് അരികില്‍ ചേര്‍ന്നുനിന്ന് മുഖത്തും ശിരസിലും തഴുകിയാണ് പ്രധാനമന്ത്രി അവന്തികയുമായി സംസാരിച്ചത്.
ക്രൊയേഷ്യയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ അപകടത്തില്‍പ്പെട്ട മുണ്ടക്കൈയിലെ അനില്‍ രണ്ടര വയസുള്ള ആണ്‍കുട്ടി ശ്രീനിഹാല്‍ നഷ്ടപ്പെട്ടതിന്റെ വേദന പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഉരുള്‍പൊട്ടലില്‍ അനിലിന്റെ ഭാര്യ മൈസൂരു കെആര്‍ പേട്ട് സ്വദേശിനി ജാന്‍സിക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ഒഡീഷ് സ്വദേശിനിയാണ് സുകൃതി. വയനാട്ടില്‍ വിനോദസഞ്ചാരത്തിനു എത്തിയ നാലംഗ സംഘത്തില്‍പ്പെട്ടതാണ് ഇവര്‍. ദുരന്തമുഖത്ത് ജീവിച്ചുവന്നവരാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ച മറ്റുള്ളവര്‍.