സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം 62 പേരുമായി പോയ പ്രാദേശിക ടർബോപ്രോപ്പ് വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എ.ടി.ആർ നിർമ്മിത വിമാനമാണ് വീടുകൾക്ക് സമീപമുള്ള മരക്കൂട്ടങ്ങൾക്ക് പിന്നിലേക്ക് തകർന്നുവീണത്. നിയന്ത്രണം വിട്ടുവീണ വിമാനം ആകെ കറങ്ങിത്തിരിഞ്ഞ ശേഷമാണ് നിന്നത്. തുടർന്ന് പ്രദേശത്താകമാനം വലിയ പുക ഉയർന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളും രക്ഷപ്പെട്ടില്ല.
പരാന സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്ന് സാവോ പോളോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് സാവോ പോളോയിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്കുപടിഞ്ഞാറായി വിൻഹെഡോ പട്ടണത്തിൽ തകർന്നു വീണത്. പിഎസ്-വിപിബി രജിസ്‌ട്രേഷനുള്ള വിമാനം തകരാൻ കാരണമെന്തെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ലിസ്റ്റ് എയർലൈൻ അധികൃതർ അറിയിച്ചു.