റിയാദ് – പുതിയ വിസയില്‍ ജോലിക്കെത്തി വൈകാതെ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി പുത്തന്‍വീട്ടില്‍ അനിലിനെയാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചത്.
2023 നവംബറിലാണ് അനില്‍ അല്‍ഖസീമിലെ ഫാമില്‍ ജോലിക്ക് വന്നത്. ഇഖാമയെടുക്കുന്നതിന് മുമ്പ് തന്നെ ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ചു. തുടര്‍ന്ന് അല്‍ഖസീം കിംഗ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരിയില്‍ മിദ്‌നബിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആറു മാസമായി കൈകാലുകള്‍ തളര്‍ന്ന് സെമി കോമ അവസ്ഥയിലായിരുന്നു ഇദ്ദേഹം.
അതിനിടെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കൊടിക്കുന്നില്‍ സുരേഷ് എംപിയെ ബന്ധപ്പെട്ടു. അദ്ദേഹം റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തെഴുതി. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെയും ബന്ധപ്പെട്ടു. ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എംബസിയും അല്‍ഖസീമിലെ സാമൂഹിക പ്രവര്‍ത്തകരും ശിഹാബിനെ സഹായിച്ചു. കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചുനല്‍കി. ഇന്ത്യന്‍ എംബസിയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ടിക്കറ്റ് നല്‍കിയത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയപ്പോള്‍ ശിഹാബ് കൊട്ടുകാട് അനുഗമിച്ചു.
കോഴിക്കോട് നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് നോര്‍ക്കയുടെ ചെലവിലാണ് ആംബുലന്‍സ് എത്തിയത്. മിദ്‌നബ് ആശുപത്രിയിലെ നഴ്‌സ് അശ്വതി, ഖസീമിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഹരിലാല്‍ എന്നിവരും എംബസി ഉദ്യോഗസ്ഥരും ശിഹാബിനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.