കല്‍പ്പറ്റ: മേപ്പാടി പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികം നാളെ. 2019 ഓഗസ്റ്റ് എട്ടിനു വൈകീട്ടാണ് മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ പുത്തുമലയില്‍ നാശം വിതച്ചത്. പുത്തുമലയില്‍നിന്നു ഏറെ അകലെയല്ല ജൂലൈ 30ലെ മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ വിനാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍. പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളും ശശീരഭാഗങ്ങളും സംസ്‌കരിക്കുന്നതും പുത്തുമലയിലാണ്.
പച്ചക്കാട് ഉരുള്‍പൊട്ടല്‍ പുത്തുമലയിലെ 17 പേരുടെ ജീവനാണ് എടുത്തത്. പുത്തുമല മുതിരത്തൊടി ഹംസ(58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്‍(62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍(62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ(54), പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ(74) എന്നിവരെ കണ്ടെത്താനായില്ല. ഇവരെക്കുറിച്ചുള്ള ഓര്‍മകളില്‍ ഇപ്പോഴും നീറുകയാണ് ഉറ്റവരുടെ മനസ്. മണ്ണും കല്ലും മരവും കൂടിക്കലര്‍ന്നു കുത്തിയൊഴുകിയ ഉരുള്‍വെള്ളം പുത്തുമലയിലെ അനേകം കുടുംബങ്ങളെയാണ് കഷ്ടതയിലാക്കിയത്.
മരിച്ചതില്‍ പുത്തുമല കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണില്‍വളപ്പില്‍ ഷൗക്കത്തിന്റെ മകന്‍ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തില്‍ മുഹമ്മദിന്റെ മകന്‍ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഖാലിദ്(42), കക്കോത്തുപറന്വില്‍ ജുനൈദ്(20), പുത്തുമല ശെല്‍വന്‍(60) എന്നിവരുടെ മൃതദേഹങ്ങള്‍ ഓഗസ്റ്റ് ഒന്‍പതിനു കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പൊള്ളാച്ചി ശെല്‍വകുമാറിന്റെ മകന്‍ കാര്‍ത്തിക്(27), പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിത(46), ശെല്‍വന്റെ ഭാര്യ റാണി (57), സുവര്‍ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈല(32), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കര്‍(26)എന്നിവരുടെ മൃതദേഹങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ലഭിച്ചത്.
ഉരുള്‍പൊട്ടലില്‍ പുത്തുമലയിലെ 58 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 22 വീടുകള്‍ ഭാഗികമായി നശിച്ചു. ഏക്കര്‍ കണക്കിനു കൃഷിയിടം മണ്ണിനടിയിലായി. താഴ്‌വാരത്തെ ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉരുള്‍വെള്ളം കൊണ്ടുപോയി. പുത്തുമലയില്‍നിന്നു മാറ്റിയതില്‍ 63 കുടുംബങ്ങളെ മേപ്പാടി പൂത്തകൊല്ലിയിലാണ് പുനരധിവസിപ്പിച്ചത്.
ഏഴ് സെന്റ സ്ഥലവും വീടുമാണ് ഓരോ കുടുംബത്തിനും നല്‍കിയത്. പുനരധിവാസത്തിന് മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റാണ് ‘സ്‌നേഹ ഭൂമി’ എന്ന പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം ഏകദേശം രണ്ടുകോടി രൂപയ്ക്ക് വിലയ്ക്കുവാങ്ങി ജില്ലാ ഭരണകൂടത്തിനു കൈമാറിയത്. ഇവിടെ ഹര്‍ഷം എന്ന പേരിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കിയത്. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും പുത്തുമല പുനരധിവാസത്തില്‍ ജില്ലാ ഭരണകൂടവുമായി കൈ കോര്‍ത്തു.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷിച്ചവരും മാറ്റിയവരും മേപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പുനരധിവാസ പ്രക്രിയയില്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിന് അനേകം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് പുനരധിവാസം വേഗത്തിലാക്കുമെന്ന വിശ്വാസം ദുരന്തബാധിതരില്‍ ജനിപ്പിച്ചിട്ടുണ്ട്.