പാരീസ്- ലോക ഒളിംപിക്സിന്റെ 50 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത. വനിതകളുടെ 50 കിലോ വിഭാഗത്തിൽ സ്വർണമെഡലിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് വിനേഷ് ഫോഗട്ട് പുറത്തായി. ശരീരഭാരം 50 കിലോയിലും ഏതാനും ഗ്രാം അധികമായതാണ് അയോഗ്യതക്ക് കാരണം.
വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. “രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും നടത്തുന്നില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു. ബാക്കിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
അനുവദനീയമായ പരിധിയേക്കാൾ 100 ഗ്രാമാണ് വിനേഷിന്റെ തൂക്കം അധികമായത്. മത്സര നിയമം അനുസരിച്ച്, ഫോഗട്ടിന് ഒരു വെള്ളി മെഡലിന് പോലും ഇനി യോഗ്യതയില്ല. 50 കിലോയിൽ സ്വർണ്ണവും വെങ്കലവും മാത്രമായിരിക്കും സമ്മാനം. വെള്ളിയുണ്ടാകില്ല.