പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ ഉറപ്പിച്ച് ഗുസ്തി താരം വിനേഷ് ഫൊഗട്ട്. അത് വെള്ളിയോ സ്വര്‍ണ്ണമോ ആവുമെന്നുറപ്പ്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ആവേശകരമായ സെമിഫൈനലില്‍ ക്യൂബയുടെ യുസ്നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5-0ത്തിനാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഫോഗട്ട് ഇന്ന് നേടിയത്.
പാരിസ് ഒളിംപിക്‌സിന്റെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ചാംപ്യന്‍ യുയ് സുസാകിയെ തോല്‍പിച്ചാണ് വിനേഷ് ഫോഗട്ട് മുന്നേറിയത്. നാലു തവണ ലോക ചാംപ്യനായ സുസാകി, രാജ്യാന്തര തലത്തില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലായിരുന്നു. 82 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിലായിരുന്നു താരം ഫൊഗട്ടിനെതിരേ ഇറങ്ങിയത്. ആവേശകരമായ മത്സരത്തില്‍ അവസാന 20 സെക്കന്‍ഡോളം 2-0ന് പിന്നിലായിരുന്ന വിനേഷ് ഫോഗട്ട്. എന്നാല്‍ അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയാണ് ഫൊഗട്ട് മല്‍സരത്തിലെ ജയം പിടിച്ചെടുത്തത്. ടോക്കിയോ ഒളിംപിക്‌സില്‍ ഒരു പോയിന്റ് പോലും നഷ്ടമാക്കാതെ സ്വര്‍ണം നേടിയ താരമാണ് സുസാകി. ജപ്പാന്‍ താരത്തെ മലര്‍ത്തിയടിച്ചതോടെ വിനേഷിന്റെ ആത്മവിശ്വാസം ഇരട്ടിയാവുകയായിരുന്നു.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രെയ്ന്‍ താരം ഒക്‌സാന ലിവാച്ചിനെ വീഴ്ത്തി വിനേഷ് ഫോഗട്ട് സെമിയിലേക്കു മുന്നേറി. മുന്‍ യൂറോപ്യന്‍ ചാംപ്യനും ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ യുക്രെയ്ന്‍ താരത്തെ 7-5നാണ് ഫോഗട്ട് തകര്‍ത്തത്. 29 വയസ്സുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖര്‍ഖോഡ സ്വദേശിനിയാണ്. 2020, 2016 ഒളിംപിക്‌സുകളില്‍ മത്സരിച്ചിട്ടുണ്ട്. 2022, 2018, 2014 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 2018 ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക ചൂഷണ വിവാദത്തില്‍ ഒരു വിഭാഗം ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷണും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ചായിരുന്നു ഇവരുടെ സമരം. പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയാല്‍ വിനേഷ് ഫൊഗട്ടിന്റെ പോരാട്ടങ്ങള്‍ക്ക് അത് ശക്തി പകരുമെന്നുറപ്പ്.