തബൂക്ക് – കൊതിയൂറും മുന്തിരിക്കുലകള്‍ വിളയുന്ന തബൂക്കിലെ മുന്തിരി തോട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് മനംകവരുന്ന വശ്യമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നു. തബൂക്ക് പ്രവിശ്യയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി 15,80,575 മുന്തിരി മരങ്ങളാണുള്ളത്. ഇവ പ്രതിവര്‍ഷം 43,750 ടണ്‍ മുന്തിരി പ്രാദേശിക വിപണികളിലെത്തിക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മുന്തിരികള്‍ തബൂക്കിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പ്രവിശ്യയിലെ കാലാവസ്ഥ, മണ്ണ്, ജലം എന്നിവയുടെ അനുയോജ്യത സമൃദ്ധമായ വിളവിന് സഹായിക്കുന്നു.
ജലവിനിയോഗം നിയന്ത്രിക്കാനും യുക്തിസഹമാക്കാനുമുള്ള എന്‍വിറോസ്‌കാന്‍ സംവിധാനം, ഇലക്‌ട്രോസ്റ്റാറ്റിക് സ്‌പ്രേയിംഗ് ഉപകരണങ്ങള്‍ എന്നിവ പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതിലൂടെ കൃഷിയുടെ ഗുണമേന്മ മെച്ചപ്പെടുന്നു. ഉയര്‍ന്ന കാര്യക്ഷമതയോടെ കീടനാശിനികളുടെ ഉപയോഗം കുറക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ പി.പി.എം സംവിധാനത്തിലൂടെ ജലസേചന, വളപ്രയോഗ രീതികള്‍ ഉപയോഗിക്കുന്നത് ഉപ്പ് അടിഞ്ഞുകൂടുന്നതില്‍ നിന്ന് മരങ്ങളെയും മണ്ണിനെയും സുരക്ഷിക്കാന്‍ സഹായിക്കുന്നു.
തബൂക്ക് പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ കൃഷിയുടെയും ആധുനിക ജലസേചനത്തിന്റെയും മികച്ച രീതികളെ കുറിച്ച് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സുരക്ഷിതത്വവും ഗുണമേന്മയും കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ച് കീടനാശിനി, രാസവള പ്രയോഗങ്ങള്‍ നടത്തണമെന്ന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറാന്‍ സഹായിക്കുന്ന നിരവധി പരിശീലന കോഴ്‌സുകളും മാര്‍ഗനിര്‍ദേശ സെമിനാറുകളും ശില്‍പശാലകളും പ്രഭാഷണങ്ങളും മന്ത്രാലയ ശാഖ സംഘടിപ്പിക്കുന്നുമുണ്ട്.