പാരീസ്- ലോകത്തിന്റെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്. കായിക ലോകത്തെ ഏറ്റവും അഭിമാനകരമായ ഒളിംപിക്സിലെ സ്പ്രിന്റിംഗ് കിരീടം തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നോഹ ലൈൽസ് ഫോട്ടോ ഫിനിഷ് വിജയം പിടിച്ചെടുത്തു.
സ്‌റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ഫൈനലിലാണ് ഫ്‌ളോറിഡയിൽ നിന്നുള്ള പ്രതിഭാധനനായ 27-കാരൻ ലൈൽസ് സ്വർണം ചൂടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു കിരീടം. 9.78 (9.784) സെക്കന്റിലാണ് നോഹ ലൈൽസ് കിരീടം നേടിയത്. ജമൈക്കയുടെ കിഷാൻ തോംസൻ വെള്ളി നേടി. 9.79(9.789) സെക്കന്റിലായിരുന്നു ജമൈക്കൻ താരം ഓടിയെത്തിയത്. അതായത് സെക്കിന്റിന്റെ 5000ത്തിൽ ഒരു അംശമാണ് വെള്ളിക്കും സ്വർണ്ണത്തിനും ഇടയിലെ ദൂരം. യു.എസിന്റെ ഫ്രെഡ് കെർലിക്കാണ് വെങ്കലം. 9.81സെക്കന്റിലാണ് താരം ദൂരം താണ്ടിയത്. സെമിയിൽ 9.83 സെക്കന്റിൽ ഓടിയെത്തിയ നോഹ ലൈൽസ് മൂന്നാം സ്ഥാത്തായിരുന്നു ഫിനിഷ് ചെയ്തത്. ഫൈനലിൽ 98 മീറ്റർ വരെ ജമൈക്കൻ താരമായിരുന്നു മുന്നിൽ.
നിലവിലുള്ള ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നുവെങ്കിലും മെഡൽപട്ടികയിൽ പുറത്തായി. അഞ്ചാമതാണ് ഇദ്ദേഹം ഫിനിഷ് ചെയ്തത്.
“ഞാൻ ആഗ്രഹിച്ചത് ഇതാണ്,” തൻ്റെ വിജയത്തിന് ശേഷം യൂറോസ്പോർട്ടിനോട് ലൈൽസ് പറഞ്ഞു.
“ഇത് കഠിനമായ പോരാട്ടമാണ്, അത്ഭുതകരമായ എതിരാളികളായിരുന്നു. എല്ലാവരും ആരോഗ്യവാന്മാരാണ്, എല്ലാവരും പോരാട്ടത്തിന് തയ്യാറായി വന്നു, എല്ലാവരേക്കാളും മികച്ചവനാണ് ഞാനെന്ന് തെളിയിക്കാൻ ആഗ്രഹിച്ചു. ചെന്നായ്ക്കൾക്കിടയിലെ ചെന്നായയാണ് ഞാൻ.”
താൻ സ്വർണം നേടിയോ എന്ന് തനിക്ക് പോലും സംശയമുണ്ടായിരുന്നുവെന്ന് ലൈൽസ് സമ്മതിച്ചു.