കല്‍പ്പറ്റ: വയനാടിനെ സഹായിക്കാന്‍ രാജ്യം ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുര്‍ന്ന് തകര്‍ന്നടിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ചൂരല്‍മലയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനു നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ദേശീയ ദുരന്ത പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തിനും പുനരധിവാസത്തിനുമാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്.
എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ട്. കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത്ഷായുടെ പ്രസ്താവന സബ്മിഷനുള്ള മറുപടി മാത്രമാണ്. ഇതേക്കുറിച്ചുപറഞ്ഞ് അസ്വാസ്ഥ്യം ജനിപ്പിക്കരുത്. ദുരന്തബാധിതരെ മാനസികമായി ശക്തിപ്പെടുത്തേണ്ടത് പ്രധാന വിഷയമാണ്. കാണാതായവരുടെ കൃത്യമായ കണക്ക് കിട്ടേണ്ടതുണ്ട്. ശാസ്ത്രം തലകുനിച്ചുനില്‍ക്കുന്ന സ്ഥിതിയാണ് ഇവിടെ. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ദുരന്തമേഖലയില്‍ പരിശോധന. സേവനത്തിനു കൂടുതല്‍ സൈനികരെ വേണമെന്നുണ്ടെങ്കില്‍ കേരളം ആവശ്യപ്പെടട്ടെയന്നും സുരേഷ്‌ഗോപി പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തോടെ ചൂരല്‍മലയിലെത്തിയ കേന്ദ്ര സഹമന്ത്രി ചൂരല്‍മലയില്‍നിന്നു ബെയ്‌ലി പാലത്തിലൂടെ വാഹനത്തില്‍ സഞ്ചരിച്ചാണ് മുണ്ടക്കൈ സന്ദര്‍ശിച്ചത്. തെരച്ചലിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലുള്ള മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രി, മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.