പാരീസ്- ഒളിംപിക്സിൽ സെമി ഫൈനൽ ഉറപ്പാക്കി ഇന്ത്യൻ ടീം. ബ്രിട്ടനെ ഷൂട്ടൗട്ടിലൂടെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം സെമി ബർത്ത് ഉറപ്പാക്കിയത്. ഒളിംപിക്സ് ഹോക്കിയിൽ തുടർച്ചയായ രണ്ടാം മെഡലിന് ഒരു ജയം അരികെയാണ് ഇന്ത്യ. സെമിയിൽ ജർമ്മനിയോ അർജൻ്റീനയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിൻ്റെ 17-ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയ ഇന്ത്യ, കനത്ത പോരാട്ടം കാഴ്ചവെച്ചാണ് സെമിയിൽ ഇടം നേടിയത്. 22-ാം മിനിറ്റിൽ ഹർമൻപ്രീത് പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി. അഞ്ച് മിനിറ്റിനുള്ളിൽ ലീ മോർട്ടൺ ബ്രിട്ടനു വേണ്ടി സമനില നേടുകയും ചെയ്തു. മുഴുവൻ സമയത്തിന് ശേഷം മത്സരം 1-1 ന് അവസാനിച്ചപ്പോൾ, ഷൂട്ട് ഔട്ടിൽ 4-2 ന് ജയിച്ച് ഇന്ത്യ സെമിയിലേക്ക് മുന്നേറി.
രണ്ടാം ക്വാർട്ടറില്‍ ഇന്ത്യൻ താരം രോഹിദാസ് ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ത്യ 10 പേരായി ചുരുങ്ങുകയായിരുന്നു. ബ്രിട്ടന്റെയും ഇന്ത്യയുടെയും ആദ്യ രണ്ട് കിക്കുകളും ഗോളായിരുന്നു. ബ്രിട്ടന്റെ മൂന്നാം കിക്ക് പാഴായി. നാലാമത്തെ കിക്ക് ഇന്ത്യൻ ഗോളി ശ്രീജേഷ് തടുക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.