- രാജ്യത്തിന്റെ മുഴുവൻ കാരുണ്യവും ഐക്യദാർഢ്യവുമാണ് വയനാടിന് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
തിരുവനന്തപരുരം / ബെംഗ്ലൂർ: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കർണാടക സർക്കാറും വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 100 വീടുകൾ വീതം നിർമിച്ചുനൽകും.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൂറു വീടുകൾ നൽകുന്ന കാര്യം സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സർക്കാറും നൂറ് വീടുകൾ നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചതായും പിണറായി വിജയൻ പറഞ്ഞു.
വയനാട്ടിലെ ദാരുണമായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ചുനൽകുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഞങ്ങളുടെ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് ഞാൻ ഉറപ്പുനൽകുകയും ഞങ്ങൾ ഒരുമിച്ച് പുനർനിർമിക്കുകയും പ്രതീക്ഷ വീണ്ടെടുക്കുകയും ചെയ്യുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
വയനാട്ടിലെ ജനങ്ങളുടെ ഈ ദുഷ്‌കരമായ സമയത്ത് ഉദാരമായ പിന്തുണ നൽകിയതിന് കർണാടകയിലെ ജനങ്ങളോടും സർക്കാരിനോടും അഗാധമായ നന്ദിയുണ്ടെന്ന് 100 വീടുകൾ നിർമിച്ചുനൽകാൻ തയ്യാറായ വയനാട് മുൻ എം.പി കൂടിയായ രാഹുൽ ഗാന്ധി ‘എക്‌സിൽ’ സിദ്ധരാമയ്യയുടെ പോസ്റ്റ് പങ്കിട്ട് കുറിച്ചു.
‘ഉരുൾപൊട്ടലിൽ ഇരയായവർക്ക് നൂറ് വീടുകൾ നിർമിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധത പുനരധിവാസ ശ്രമങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. രാജ്യത്തിന്റെ മുഴുവൻ കാരുണ്യവും ഐക്യദാർഢ്യവുമാണ് വയനാടിന് ഇപ്പോൾ ആവശ്യമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയുടെ പ്രഖ്യാപനത്തിന് എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നന്ദി പറഞ്ഞു. കരുണയുടെയും മനുഷ്യത്വത്തിന്റെയും ഈ കൈത്താങ്ങിന് സിദ്ധരാമയ്യക്കും കർണാടകയിലെ ജനങ്ങൾക്കും നന്ദിയെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു.