ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നർത്തകിമാരിൽ ഒരാളായിരുന്ന യാമിനി കൃഷ്ണമൂർത്തി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏഴുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാ ഇന്നായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപതിന് യാമിനി സ്‌കൂൾ ഓഫ് ഡാൻസിൽ പൊതുദർശത്തിന് വയ്ക്കും.
രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നല്കി ആദരിച്ച യാമിനി, ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒരുപോലെ തിളങ്ങിയ അതുല്യ കലാകാരിയായിരുന്നു. ഒഡിസിയും അവതരിപ്പിച്ചിരുന്നു. 28 വയസുള്ളപ്പോഴാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. 2001-ൽ പത്മമഭൂഷണും 2016-ൽ പത്മവിഭൂഷണും ലഭിച്ചു.
വടക്കേ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭരതനാട്യവും കുച്ചിപ്പുടിയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആന്ധ്രയിലെ ചിറ്റൂർ മദനപ്പള്ളിയിലുള്ള കലാകുടുംബത്തില് 1940 ഡിസംബർ 20-നാണ് ജനനം. കുടുംബം പിന്നീട് തമിഴ്‌നാട്ടിലേക്ക് മാറി. അച്ഛൻ സംസ്‌കൃത പണ്ഡിതനും മുത്തച്ഛൻ ഉർദു കവിയുമായിരുന്നു. ചെറുപ്രായത്തിലെ ചെന്നൈ കലാക്ഷേത്രയിൽ ചേർന്ന് നൃത്തപഠനം തുടങ്ങി. 1957-ൽ ചെന്നെയിൽ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചതിൽ പിന്നെ ഈ കലാകാരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group