കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 30 കുട്ടികളടക്കം 206 പേരെയാണ് കണ്ടെത്താനുള്ളത്.
ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ഇന്നു പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. 11 സേനാവിഭാഗങ്ങളിലേതടക്കം 1,264 പേര്‍ പങ്കാളികളായി. ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടന്നു. തമിഴ്‌നാട് സൈന്യത്തിന്റെയും പോലീസിന്റെയും പുറമേ അഗ്നി-രക്ഷാസേനയുടെ ഡോഗ് സ്‌ക്വാഡിന്റെ സേവനവും ഉപയോഗപ്പെടുത്തി. ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചരയോടെ നിര്‍ത്തിവച്ച തെരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും. ഉരുള്‍വെള്ളം ഒഴുകിയതില്‍ 60 ശതമാനം പ്രദേശത്തും പരിശോധന പൂര്‍ത്തിയായതാണ് ഔദ്യോഗിക ഭാഷ്യം.
തിരിച്ചറിഞ്ഞതില്‍ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം കുടുങ്ങിയ പോത്തുകല്ല് മുണ്ടേരി സ്വദേശികളായ മൂന്നു യുവാക്കളില്‍ രണ്ടു പേരെ എയര്‍ ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാള്‍ നീന്തി കരപറ്റി. വടം ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായപ്പോഴാണ് എയര്‍ലിഫ്റ്റ് ചെയ്തത്.
ഉരുള്‍പൊട്ടലില്‍ മൃഗസംരക്ഷണ മേഖലയില്‍ 2.5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ശനി വരെ ലഭിച്ച കണക്കനുസരിച്ച് 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളുമാണ് ചത്തത്. ഏഴ് കന്നുകാലി ഷെഡുകള്‍ നശിച്ചു. 107 കന്നുകാലികളെ കാണാതായി. മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ എആര്‍ഡി 44, 46 റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റിലെ റേഷന്‍ വിഹിതം സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
പ്രകൃതി ദുരന്ത മേഖലയില്‍നിന്നു മാറ്റിയവരെ 17 ക്യാമ്പുകളിലാണ് താമസിപ്പിക്കുന്നത്. 701 കുടുംബങ്ങളിലെ 2,551 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 943 പുരുഷന്‍മാരും 981 സ്ത്രികളും 627 കുട്ടികളും ഉള്‍പ്പെടും.