പാരിസ്: ഒളിംപിക്സ് ഫുട്ബോളില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ആതിഥേയരായ ഫ്രാന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. ജീന്‍ ഫിലിപെ മറ്റേറ്റയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഫ്രഞ്ച് താരങ്ങള്‍ക്കെതിരേയുള്ള അര്‍ജന്റീനയുടെ വംശീയപരാമര്ശങ്ങള്ക്കെതിരേയുള്ള ജയം കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ഗോള്‍ നേടി. മൈക്കല്‍ ഒലീസെയുടെ കോര്‍ണര്‍ കിക്ക് മറ്റേറ്റ ഗോളാക്കി മാറ്റുകയായിരുന്നു. അര്‍ജന്റീനയ്ക്ക് മുന്നില്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. ആദ്യപാതിയുടെ അവസാന മിനിറ്റുകളില്‍ മാത്രമാണ് അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 36ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം ഗിലിയാനോ സിമിയോണിക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്നു താരം തൊടുത്ത ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി. വൈകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ടാംപാതിയില്‍ അര്‍ജന്റീന മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. ജൂലിയന്‍ അല്‍വാരസിന്റെ രണ്ടോ മൂന്നോ ശ്രമങ്ങള്‍ ഫ്രഞ്ച് പ്രതിരോധം തടയുകയായിരുന്നു. ഇതിനിടെ 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരിക്കല്‍ കൂടി ഗോള്‍ നേടി. എന്നാല്‍ വാര് പരിശോധനയില്‍ ഇത് നിഷേധിക്കപ്പെടുകയായിരുന്നു. അവസാന നിമിഷം ലൂസിയാനോ ഗോണ്ടുവിന്റെ ഒരു ഷോട്ടും പുറത്തേക്ക് പോയി.
പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഈജിപ്റ്റ് സെമി ഫൈനലിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മൊറോക്കോ ആവട്ടെ എതിരില്ലാത്ത നാല് ഗോളിന് യുഎസിനെ തകര്‍ത്തു. സ്പെയ്നിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന് ജപ്പാനെതിരെ ആയിരുന്നു. മല്‍സരത്തിന് ശേഷം ഇരുടീമിലെ താരങ്ങള്‍ തമ്മില്‍ കൈയ്യേറ്റം ഉണ്ടായി. ഫ്രഞ്ച് ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെ അര്‍ജന്റീനന്‍ താരങ്ങള്‍ ഇടപെടുകയും കൈയ്യാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു.