കൽപ്പറ്റ- ഉരുൾപൊട്ടി കരളടർന്നുപോയ വയനാടൻ മണ്ണിൽ സാന്ത്വനവുമായി മോഹൻലാൽ. ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരൽമലയിലും ലാലെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍റെ ലഫ്റ്റനന്‍റ് കേണൽ കൂടിയാണ് മോഹന്‍ലാൽ. സൈനിക വേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ചൂരല്‍മലയിയും ബെയ് ലി പാലം വഴി മുണ്ടക്കൈയിലുമെത്തി.
മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീടുകൾക്കിടയിലൂടെ ദുഷ്കരമായ വഴികൾ താണ്ടി പുഞ്ചിരിമട്ടത്തും മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തി. തിരികെ ചൂരല്‍മലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജർ ജനറൽ എൻ.ടി. മാത്യു, സംവിധായകന്‍ മേജർ രവി, ലെഫ്റ്റനന്‍റ് രാഹുൽ, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ കമാന്‍ഡന്‍റ് പി.എസ്. നാഗര, കേണൽ ബെന്‍ജിത്ത് തുടങ്ങിയവരും നടനൊപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി. വിദ്യാലയം പുതുക്കി പണിയുന്നതിന് മോഹൻലാലിൻ്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിതമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ പറഞ്ഞു. ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും രക്ഷാപ്രവർത്തകർ നൽകുന്ന സേവനം മഹത്തരമാണെന്നും താരം വ്യക്തമാക്കി.
സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി ഈ സംഘത്തിലെ അംഗമാണ് താനും. ബെയ്‌ലി പാലം വലിയ അത്ഭുതം തന്നെയാണ്. ഈശ്വരന്റെ സഹായം കൂടെ ഇത് യാഥാർത്ഥ്യമായതിന് പിന്നിലുണ്ടെന്ന് കരുതുന്നുവെന്നും താരം പറഞ്ഞു. തനിക്ക് ഇവിടെ ചിലരെ പരിചയമുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.