കൽപ്പറ്റ- മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപ്പൊട്ടലുണ്ടായപ്പോൾ മൃതദേഹങ്ങൾ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചിരുന്നു. ഇപ്പോഴും ചാലിയാറിൽ തെരച്ചിൽ തുടരുകയുമാണ്.
ചാലിയാര്‍ പുഴയ്ക്ക് വയനാട്ടില്‍ 150 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശമാണുള്ളത്. മുണ്ടക്കൈ, പുത്തുമല,ചൂരല്‍മല, കള്ളാടി, അട്ടമല, കടൂര്‍ പ്രദേശങ്ങള്‍ ഇതില്‍പ്പെടും. ഉരുള്‍പൊട്ടിയ മലത്തലപ്പിലും സമീപത്തെ മലമടക്കിലും ഉദ്ഭവിക്കുന്ന അരുവികള്‍ ചേര്‍ന്ന പുന്നപ്പുഴ ചൂരല്‍മല വഴി ഒഴുകി കള്ളാടിപ്പുഴയിലും തുടര്‍ന്ന് മീനാക്ഷിപ്പുഴയുമായി ചേര്‍ന്ന് ചോലാടിപ്പുഴയിലും എത്തിയാണ് ചാലിയാറിലേക്ക് പ്രവഹിക്കുന്നത്.
ഉരുള്‍പൊട്ടിയ മലയിടുക്കില്‍ ഉദ്ഭവിക്കുന്ന മുണ്ടക്കൈ തോട് 4.20 കിലോമീറ്റര്‍ താഴോട്ടൊഴുകി, സമാന്തരമായി ഇടതു വശത്തു 1.935 മീറ്റര്‍ ഉയരത്തിലുള്ള മലയിടുക്കില്‍ ഉദ്ഭവിച്ച് 4.90 കിലോമീറ്റര്‍ ഒഴുകിവരുന്ന തോടുമായി കൂടിച്ചേര്‍ന്ന് പുന്നപ്പുഴയെന്ന പേരില്‍ 1.75 കിലോമീറ്റര്‍ ഒഴുകിയാണ് ചൂരല്‍മല അങ്ങാടിക്കു താഴെയെത്തുന്നത്. ഇവിടെ പുഴയ്ക്ക് ഏദദേശം 40 മീറ്ററായിരുന്നു വീതി.
467 ഹെക്ടറാണ് മുണ്ടക്കൈ തോടിന്റെ വൃഷ്ടിപ്രദേശം. തോട് വെള്ളരിമല സ്‌കൂളിന് ഒരു കിലോമീറ്റര്‍ മുകളിലാണ് 863 ഹെക്ടര്‍ വൃഷ്ടിപ്രദേശത്തുനിന്നു വെള്ളം ഒഴുകി വരുന്ന തോടുമായി ചേരുന്നത്. ഇവിടെയുണ്ടായ അതിശക്തമായ വെള്ളക്കുത്താണ് പുഴഗതി മാറി പുഴയോരത്തും സമീപത്തുമുള്ള അനേകം വീടും വിദ്യാലയവും ചൂരല്‍മല അങ്ങാടിയും തകര്‍ത്തെറിയുകയും ഒരു പ്രദേശംതന്നെ ഇല്ലാതാക്കുകയും ചെയ്തത്.
*മുണ്ടക്കൈ വനത്തിനു താഴെ തോട്ടങ്ങള്‍
മുണ്ടക്കൈ വനഭാഗത്തിനു താഴെ കാപ്പി, ഏലം തോട്ടങ്ങളും മറ്റു ചരിവുകളില്‍ തേയിലത്തോട്ടങ്ങളുമാണ്.
താഴെ ഭാഗങ്ങളില്‍ താരതമ്യേന ചരിവു കുറഞ്ഞ സ്ഥലങ്ങളിലും പുഴയുടെയും തോടിന്റെയും കരയോടു ചേര്‍ന്ന പ്രദേശങ്ങളിലുമാണ് നാട്ടുകാരിലേറേയും താമസിച്ചിരുന്നത്. മുണ്ടക്കൈ തോട് വളഞ്ഞുപുളഞ്ഞാണ് ഒഴുകിയിരുന്നത്. ചെറിയ കയങ്ങളും ചെറുവെള്ളച്ചാട്ടങ്ങളുമുള്ള തോട് ഗതിമാറി ഒഴുകുന്ന സാഹചര്യം കൂടുതലാണ്. ഉരുളന്‍ പാറ നിറഞ്ഞ തോടിന് പലയിടങ്ങളിലും ആഴം കുറവായതിനാല്‍ കാലവര്‍ഷങ്ങളില്‍ കരകവിയുന്നത് സാധാരണയാണ്.
പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സംഭവിച്ച പ്രകൃതിദുരന്തങ്ങള്‍ക്ക് കാലവര്‍ഷത്തിലെ
മഴയുടെ സ്വഭാവം നിര്‍ണായക ഘടകമായിട്ടുണ്ട്. ജൂണ്‍ ആദ്യവാരം ആരംഭിച്ച കാലവര്‍ഷം ഇതുവരെ പല ഘട്ടങ്ങളായാണ് ലഭിച്ചത്. ഓരോ തവണയും രണ്ടോ മൂന്നോ ദിവസം ശക്തമായ മഴയും തുടര്‍ന്ന് നാലഞ്ച് ദിവസം നേരിയമഴയും എന്നതായിരുന്നു സ്ഥിതി.
എന്നാല്‍ ഓരോ തവണയും ശക്തമായ മഴയുടെ അളവ് കൂടി. തുടക്കത്തില്‍ ഉയര്‍ന്ന മഴ 120 മില്ലി മീറ്റര്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് 180 മില്ലിമീറ്റര്‍ വരെ എത്തി. മുണ്ടക്കൈയില്‍ തുര്‍ച്ചയായ 48 മണിക്കൂറില്‍ 577 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍ അതിതീവ്രമഴ പെയ്യുന്നത് മണ്ണിനെ ദുര്‍ബലപ്പെടുത്തി സ്ഥാനഭ്രംശത്തിന് വഴിവയ്ക്കും. ഉരുള്‍പൊട്ടല്‍ പ്രഭവകേന്ദ്രവും സമീപ സ്ഥലങ്ങളും വൃക്ഷ നിബിഡമായത് ഉയര്‍ന്ന നിരക്കിലുള്ള ജലാഗിരണത്തിന് ഇടയാക്കിയിട്ടുണ്ട്. അധികജല നിര്‍ഗമനം ക്രമീകരിക്കപ്പെടുന്നതിന് വനത്തിനകത്ത് സംവിധാനങ്ങള്‍ ഉണ്ടാകാറില്ല.