കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ അട്ടമല-ആറന്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, വെള്ളാര്‍മല, പുഴയടിവാരം എന്നിങ്ങനെ ആറ് മേഖലകളായി തിരിച്ച് നടത്തിയ പരിശോധനയില്‍ ഇന്നു വൈകുന്നേരം വരെ 11 മൃതദേഹം കണ്ടെത്തി. മലപ്പുറം ഭാഗത്തുനിന്നു മൂന്ന് മൃതദേഹം ലഭിച്ചു.
വെള്ളാര്‍മല സ്‌കൂള്‍ ഭാഗത്തുമാത്രം എട്ട് മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തഭൂമിയില്‍നിന്നും ചാലിയാറില്‍നിന്നുമായി 300ലേറെ മൃതദേഹങ്ങളാണ് ഇതിനകം ലഭിച്ചത്. ചൂരല്‍മലയ്ക്കടുത്ത് പടവെട്ടിക്കുന്നില്‍നിന്നു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ സൈന്യം പുറത്ത് എത്തിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന നിര്‍ദേശം അവണിച്ച് വസതിയില്‍ തുടരുകയായിരുന്നു ഇവര്‍.
ഇന്ത്യന്‍ സേനയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി എന്‍ജിനിയറിംഗ് ഗ്രൂപ്പ് എന്നിവയില്‍നിന്നായി 640 പേരാണ് തെരച്ചിലില്‍ പങ്കെടുത്തു.
ദേശീയ ദുരന്ത നിവാരണ സേനയിലെ 120 ഉം വസേനയിലെ 56 ഉം അഗ്നി-രക്ഷാസേനയിലെ 460ഉം പോലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 64ഉം തമിഴ്‌നാട് അഗ്നി-രക്ഷാസേനയിയിലെ 44ഉം ദേശീയ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ഡെല്‍റ്റ സ്‌ക്വാഡിലെ 25 ഉം പോലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 15ഉം ഉദ്യോഗസ്ഥരെയും വിവിധ മേഖലകളില്‍ വിന്യസിച്ചു. ആഴമുള്ള സ്ഥലങ്ങളില്‍ മൃതദേഹം കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച ആറ് നായ്ക്കളെ തെരച്ചിലിനു ഉപയോഗപ്പെടുത്തി. 40 സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍. തദ്ദേശീയരായ മൂന്ന് പേരും സ്ഥലപരിചയമുള്ള ഒരു വനം ജീവനക്കാരനും ഉള്‍പ്പെടുന്നതായിരുന്നു ഓരോ സംഘവും.
തെരച്ചിലിനു നിയോഗിച്ച സംഘങ്ങള്‍ ചൂരല്‍മലയില്‍ 190 അടി നീളത്തില്‍ കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് നിര്‍മിച്ച പാലം കടന്ന് രാവിലെ തന്നെ മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉള്‍പ്പെടെ ഭാഗങ്ങളില്‍ എത്തി. ഉരുള്‍വെള്ളം പരന്നൊഴുകിയ പ്രദേശത്ത് കല്ലും മണ്ണും മരക്കഷണങ്ങളും നീക്കിയും മണ്ണില്‍ പുതഞ്ഞ നിലയില്‍ കാണുന്ന നിര്‍മിതികള്‍ യന്ത്രസഹായത്തോടെ പൊളിച്ചുമായിരുന്നു പരിശോധന. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനു ദുരന്ത മേഖലയില്‍ ഉണ്ടായിരുന്നത്. രണ്ട് ഹെലിക്കോപ്റ്ററും എട്ട് ഡ്രോണും ആകാശനിരീക്ഷണത്തിന് ഉപയോഗപ്പെടുത്തി. മുണ്ടക്കൈ മേഖലയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പ്രയോജനപ്പെടുത്തിയുള്ള പരിശോധനയില്‍ ഇന്നു വൈകുന്നേരം നാലരയോടെ ശ്വാസ സിഗ്നില്‍ ലഭിച്ചു. ജീവനോടെയുള്ളത് മനുഷ്യനോ എന്ന് സ്ഥിരീകരിക്കുന്നതിന് രാത്രി ഒന്‍പത് വരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്നു വൈകുന്നേരം വരെ 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 96 പുരുഷന്‍മാരും 85 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടും. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 134 ശരീരഭാഗങ്ങാണ് ദുരന്തഭൂമിയില്‍നിന്നു കണ്ടെടുത്തത്. 207 മൃതദേഹങ്ങളുടെയും 134 ശശീരഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടത്തി. 62 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 27 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആകെ 119 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. 87 ശരീരഭാഗങ്ങളും കൈമാറി.
തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങള്‍ മേപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍നിന്നു രക്ഷപ്പെടുത്തിയതില്‍ 84 പേര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് 17 ക്യാമ്പുകളില്‍ 597 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നതില്‍ 29 കുട്ടികള്‍ അടക്കം 200 ഓളം പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലുടെ ഒഴുകിയ മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിലമ്പൂരില്‍ അറിയിച്ചു.