പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം. 52 വര്‍ഷത്തിന് ശേഷം പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞു. മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഓസ്ട്രേലിയയെ 3-2നാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞ്. അത്യന്തം ആവേശം നിറഞ്ഞ മല്‍സരത്തിലാണ് ഇന്ത്യ കങ്കാരുക്കളെ പൂട്ടിയത്. നേരത്തെ തന്നെ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
1972ലെ മ്യൂണിക്ക് ഒളിംപിക്സിലായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാനത്തെ ജയം. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യ കംഗാരുക്കളുടെ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. അന്ന് ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാണ് ഇന്ത്യ ഇന്ന് പാരിസില്‍ നടത്തിയത്.
ഈ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് ഇന്നും ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. താരം ഇരട്ട ഗോളുകള്‍ നേടി. 13, 32 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീത് സ്‌കോര്‍ ചെയ്തത്. ബ്ലൂസിന്റെ ആദ്യത്തെ ഗോള്‍ 12ാം മിനിറ്റില്‍ അഭിഷേകിന്റെ വകയായിരുന്നു. ശേഷിക്കുന്ന രണ്ട് ഗോളുകളാണ് ഹര്‍മന്‍പ്രീത് സിങ് സ്‌കോര്‍ ചെയ്തത്. ക്രെയ്ഗ് തോമസ് (25), ബ്ലേക്ക് ഗോവേഴ്സ് (55) എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ മടക്കിയത്.
ഗോള്‍ കീപ്പര്‍ ശ്രീജേഷിന്റെ മിന്നും പ്രകടനവും ഇന്ന് ഇന്ത്യയ്ക്ക് മുതല്‍കൂട്ടായി. താരത്തിന്റെ അവസാനത്തെ ഒളിംപിക്‌സാണിത്. ഗോള്‍മുഖത്ത് വന്‍മതിലായി ശ്രീജേഷ് നിലയുറപ്പിക്കുകയായിരുന്നു. നാലാമത്തെ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ ഗോള്‍ മടക്കാന്‍ ഇരമ്പിക്കയറിയെങ്കിലും ശ്രീജേഷും കൂട്ടരും പ്രതിരോധം തീര്‍ത്ത് നിലയുറപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ തുടക്കം തന്നെ ആക്രമണോത്സുകമായിരുന്നു. ഓസ്ട്രേലിയയും ഇതേ ശൈലിയിലാണ് തിരിച്ചടിച്ചത്. അഞ്ചാം മിനിറ്റില്‍ അവര്‍ ഗോള്‍ശ്രമം നടത്തിയെങ്കിലും ശ്രീജേഷ് ബ്ലോക്ക് ചെയ്യുകയായിരുന്നു. 11ാം മിനിറ്റില്‍ അദ്ദേഹത്തിന്‍െ മറ്റൊരു സേവ് ഇന്ത്യയെ രക്ഷിച്ചു. തൊട്ടടുത്ത മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അഭിഷേകിന്റെ ഗോള്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റിനകം ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡുയര്‍ത്തിയതോടെ എതിർനിര പരുങ്ങലിലായി.
15ാ മിനിറ്റില്‍ ഓസ്ട്രേലിയ ഗോള്‍ മടക്കാന്‍ മികച്ചൊരു നീക്കം നടത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാനായില്ല. 2-0ന്റെ ലീഡുമായാണ് ആദ്യത്തെ ക്വാര്‍ട്ടര്‍ ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ക്വാര്‍ട്ടറിലും ശ്രീജേഷ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പെനല്‍റ്റി കോര്‍ണറിനൊടുവില്‍ വിക്കാമിന്റെ ഷോട്ട് അദ്ദേഹം തടുക്കുകയായിരുന്നു.