വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാതലത്തിൽ ഉയർന്നുകേട്ട പ്രചാരണങ്ങളിൽ ഒന്നായിരുന്നു കേരള സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എവിടെയെന്ന്. ഇതുസംബന്ധിച്ച് വ്യോമയാന മേഖലയിലെ വിദഗ്ധനും എഴുത്തുകാരനുമായ ജേക്കബ് കെ ഫിലിപ്പ് പറയുന്നത് കേൾക്കാം.
90 ലക്ഷം മാസം കൊടുത്ത് സംസ്ഥാന സർക്കാർ എടുത്തുവച്ച ഹെലിക്കോപ്ടറെവിടെ?വയനാട് ഉരുൾപൊട്ടലിന്റെ സാമൂഹ്യമാധ്യമ പ്രതികരണങ്ങളിൽ പിന്നെയും പിന്നെയും ഈ ചോദ്യം കണ്ടതുകൊണ്ട്, തിരച്ചിൽ, രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യോമയാനങ്ങളെപ്പറ്റി (സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത മേൽപ്പറഞ്ഞ ഹെലിക്കോപ്ടറും സേനാ ഹെലിക്കോപ്ടറുകളും വിമാനങ്ങളും) കുറച്ചു കാര്യങ്ങൾ-
1) 256 പേർ മരിച്ചെന്ന് ഇതേവരെ കണക്കാക്കുന്ന വയനാട് ദുരന്തമുണ്ടായിട്ട് സർക്കാരിന്റെ ഹെലിക്കോപ്ടർ അവിടെക്ക് തിരിഞ്ഞുനോക്കിയില്ല എന്നു പറയുന്നത് തീർത്തും വസ്തുതാ വിരുദ്ധമാണ്.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കും നാലു മണിക്കുമുണ്ടായ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും ശേഷം, ബുധനാഴ്ച ദുരന്തഭൂമിയിൽ പറക്കവേ ഈ ഹെലിക്കോപ്ടറിൽ വിഡിയോയും പടങ്ങളും എടുത്തിരുന്നു.
യാത്രാഹെലിക്കോപ്ടറിനു താഴ്ന്നു പറക്കാനാവുമായിരുന്ന കാലാവസ്ഥയായിരുന്നില്ല ചൊവ്വാഴ്ച പകൽ അവിടെ. കുടുങ്ങിക്കിടന്നവരെ കയറിട്ട് വലിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നു വ്യക്തമായതോടെ സേനാഹെലിക്കോപ്ടറുകൾ ചൊവ്വാഴ്ച തിരിച്ചു പോയി എന്ന വാർത്ത ഓർക്കുക.
2) ബുധനാഴ്ചത്തെ പറക്കലിനു ശേഷം ഇന്നും ഈ ഹെലിക്കോപ്ടർ അവിടേക്കു പറന്നിരുന്നു. എന്നാൽ, വളരെ താഴ്ന്ന നിരപ്പിലുള്ള (300-400 അടി) മഴമേഘങ്ങൾ കാഴ്ച മറച്ചതിനാൽ തിരികെ പോരേണ്ടി വന്നു.
3) ഇന്നലെ (ബുധനാഴ്ച) പറന്നിട്ട് ഈ ഹെലിക്കോപ്ടർ ആരെയെങ്കിലും രക്ഷിച്ചോ എന്നതിന് ഇല്ല എന്നു തന്നെയാണ് മറുപടി. കുടുങ്ങിക്കിടക്കുന്നവരെ ഉയർത്തിയെടുക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതും, ഇത്തരം ഹെലിക്കോപ്ടറുകളിൽ അതിനുള്ള സംവിധാനമില്ലാത്തതും തന്നെ കാരണം.ഇനിയിപ്പോൾ, പുഴയിലും കരയിലും കുടുങ്ങിക്കിടക്കുന്ന മൃതശരീരങ്ങൾ എടുത്ത് പറക്കുക എന്ന കാര്യമാണ് ചെയ്യാൻ കഴിയുക. അതിനുള്ള സജ്ജീകരണങ്ങളുമായാണ് ഇന്നലെയും ഇന്നും അവിടേക്കു പറന്നതും.
വ്യോമസേനാ എയർ സ്റ്റാഫ് വൈസ് ചീഫ് എയർമാർഷൽ എപി സിംഗ് ഇന്ന് പറഞ്ഞതു കേൾക്കുക-
“ഇന്നലെ മോശം കാലാവസ്ഥ കാരണം വളരെ കുറച്ചേ പറന്നിട്ടുള്ളു. പക്ഷേ ഇന്ന് കാര്യങ്ങൾ നടക്കുന്നുണ്ട്.”
നടന്ന ഈ കാര്യങ്ങളിൽ മുഖ്യമായത് രക്ഷാപ്രവർത്തനത്തിനായുള്ള സൈനികരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുകയായിരുന്നു. എങ്കിലും തിരുവനന്തപുരം, സുലൂർ തഞ്ചാവൂർ എന്നിവിടങ്ങളിൽ സേനയുടെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും റെഡിയായി നിർത്തിയിട്ടുണ്ട്.- കേരള സർക്കാരിന്റെ വിടി-ഐബിഎ എന്ന ഈ ഹെലികോപ്ടർ ചാലക്കുടിയിൽ തയ്യാറായി നിൽക്കുന്നതു പോലെ തന്നെ.
കൂടാതെ, വ്യോമസേനയുടെ ഒരു ആന്റണോവ്-32, ഒരു സി-130 എന്നീ കടത്തു വിമാനങ്ങൾ 135 സേനാംഗ ങ്ങളെ കോഴിക്കോട് എത്തിക്കുകയും ചെയ്തു. വയനാട് നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ ഘടകഭാഗങ്ങൾ കൊണ്ടുവന്നതും ഈ കടത്തുവിമാനങ്ങളിൽ തന്നെയാണ്.
വ്യോമസേനയുടെ മി-17, എഎൽഎച്ച്-ധ്രുവ് എന്നീ ഹെലിക്കോപ്ടറുകളാണ് തിരച്ചിലിനും ഒഴിപ്പിക്കലിനുമായി സജീവമായി രംഗത്തുള്ളത്.
4) ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടതെന്തെന്ന് കൃത്യമായി പരിശീലനം കിട്ടിയ സേനാംഗങ്ങളുമായി പറക്കുന്ന ഈ വ്യോമസേനാ ഹെലിക്കോപ്ടറുകളും, പരമാവധി, ഒരു എയർ ആംബുലൻസായി, പൊലീസ് ഹെലിക്കോപ്ടറായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന പാസഞ്ചർ ഹെലിക്കോപ്ടറുകളും തമ്മിൽ ഏറെ താരതമ്യമില്ല എന്ന കാര്യവും ഓർക്കുക. രണ്ടു പൈലറ്റുമാരെ കൂടാതെ അഞ്ചു യാത്രക്കാർക്കു കയറാവുന്ന വിടി-ഐബിഎയിൽ ഇന്ന് പറന്നത് സംസ്ഥാന പൊലീസ്, സുരക്ഷാസേനാംഗങ്ങളായിരുന്നു. അവരുടെ നിർദ്ദേശപ്രകാരമായിരുന്നു പറക്കലും നിരീക്ഷണവുമെല്ലാം. മാത്രമല്ല, ഇന്നത്തെ പറക്കലിൽ ശേഖരിച്ച വിലപ്പെട്ട ഏറെ വിവരങ്ങൾ- നാളെ സേനാ ഹെലിക്കോപ്ടറുകൾക്ക് എവിടെയെല്ലാമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയത്, റോപ് ഇറക്കി ആൾക്കാരെ (ശരീരങ്ങളും) ഉയർത്താൻ കഴിയുന്നതെവിടെയെല്ലാം എന്നീകാര്യങ്ങൾ അതാത് സ്ഥലങ്ങളുടെ കോഓർഡിനേറ്റുകൾ സഹിതം സേനയക്ക് കൈമാറുന്നുമുണ്ട്.
അവസാനമായി ചെറിയൊരു തിരുത്തു കൂടി- സംസ്ഥാന സർക്കാർ ഈ ഹെലിക്കോപ്ടറിന് മാസവാടകയായി കൊടുക്കുന്നത് 90 ലക്ഷം രൂപയല്ല, എൺപതു ലക്ഷമാണ്.