- രക്ഷാപ്രവർത്തനത്തിൽ അഭിമാനമെന്ന് രാഹുൽ
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും എല്ലാവരും ഒരുമിച്ച് കൈകോർത്ത് ചേർന്നുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചൂരൽമല ഉൾപ്പെടെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സഹോദരിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോടുമൊപ്പം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.
ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകൾ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിക്കുന്നതാണ്. ഈ ദുരിതസമയത്ത് താനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ആവർത്തിക്കുന്ന ഉരുൾപൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാൻ സഗ്രമായ കർമ പദ്ധതി ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഉരുൾ പൊട്ടലിനെത്തുടർന്ന് കനത്തനാശമുണ്ടായ ചൂരൽമലയിലേക്കാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്. സൈന്യം പണിത താത്കാലിക പാലം കടന്നായിരുന്നു ഇരുവരുടെയും യാത്ര. ശേഷം മേപ്പാടിയിലെ ക്യാമ്പുകളിൽ സമയം ചെലവഴിച്ചു. തുടർന്ന് സെന്റ് ജോസഫ് സ്‌കൂളിലും ശേഷം വിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെ കണ്ട് ആശ്വസിപ്പിച്ചു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ തികഞ്ഞ സംതൃപ്തിയും നന്ദിയും പ്രകടിപ്പിച്ച രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ തങ്ങുമെന്നാണ് വിവരം.
കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ദിഖ് തുടങ്ങി വിവിധ ജനപ്രതിനിധികളും പ്രതിപക്ഷ നേതാവിനോടൊപ്പമുള്ള സംഘത്തിലുണ്ടായിരുന്നു.
സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കലക്ടറുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് എല്ലാ സഹായവും പിന്തുണയും ഉറപ്പുനൽകി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കും. വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ യു.ഡി.എഫ് പ്രവർത്തകർ നേരിട്ട് ഇറങ്ങണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.