തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാക്കണമെന്ന പ്രഫ. എം.എ ഖാദർ കമ്മിറ്റി റിപോർട്ടിനോട് സംസ്ഥാന സർക്കാറിന് യോജിപ്പ്. വിഷയം വിവാദമാക്കാതെ ഖാദർ കമ്മിറ്റി ശിപാർശകൾ ചർച്ചക്കുശേഷം സമവായത്തിലൂടെ നടപ്പാക്കാനാണ് ഇന്നലെ ചേർന്ന പിണറായി മന്ത്രിസഭയിലെ ധാരണ.
പ്രീ സ്‌കൂളിൽ 25 ഉം ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ 35-മായി കുട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള ഖാദർ കമ്മിറ്റിയുടെ രണ്ടാംഭാഗത്തുള്ള നിർദേശവും വളരെ പോസിറ്റീവായാണ് മന്ത്രിസഭാ യോഗം പരിഗണിച്ചത്. നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യമാണ്. ഗ്രേസ് മാർക്ക് തുടരാമെങ്കിലും മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്‌കരിക്കണം. പഠനരീതി കുട്ടികളുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം. ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കണമെന്നും നിർദേശങ്ങളിലുണ്ട്. ഇതോടെല്ലാം തത്വത്തിൽ വലിയ യോജിപ്പാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്.
കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ സമയമാറ്റം സഹായിക്കും. ഈ ക്രമീകരണത്തിൽ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.
കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് ഖാദർ കമ്മിറ്റി റിപോർട്ടിൽ ചൂണ്ടിക്കാട്ടി. രാവിലെയാണ് പഠനത്തിന് മെച്ചപ്പെട്ട സമയം. എന്നാൽ, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചില വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് നാലു വരെയുള്ള സമയം ഉപയോഗപ്പെടുത്താമെന്നും സമിതി നിർദേശിച്ചു.
ഉച്ചയ്ക്കുശേഷം ആവശ്യമനുസരിച്ച് സ്‌പോർട്‌സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാമെന്നും ആവശ്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്നും റിപോർട്ടിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group