(വിലങ്ങാട്) കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായി(60)യുടെ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽനിന്നാണ് ലോഡിംഗ് തൊഴിലാളികളും റസ്ക്യൂ ടീമും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോടിന്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടലുണ്ടായത്. ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു എന്ന മത്തായി.
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി വൻ നാശനഷ്ടമുണ്ടായത്. അപകടത്തിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ളപ്പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്ന് തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും റോഡുമെല്ലാം മറ്റും തകർന്നു താറുമാറായിരിക്കുകയാണ്. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.
അതിനിടെ, ഇന്നലെ വൈകീട്ട് അടിച്ചി പാറയിൽ വീണ്ടും ഉരുൾ പൊട്ടിയതോടെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. സ്ഥലം സന്ദർശിക്കാനെത്തിയ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ, നാദാപുരം എം.എൽ.എ ഇ.കെ വിജയൻ അടക്കമുള്ളവർ ഇന്നലെ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group