കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ എത്തി. ചൂരല്‍മലയില്‍നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മുണ്ടക്കൈ. 1,167 പേരടങ്ങുന്നതാണ് ദുരന്തത്തിന്റെ മൂന്നാംനാള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒന്‍പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍.
സൈനികരും അഗ്നി-രക്ഷാസേനാംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഓരോ സംഘവും. കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിനെ തെരച്ചലിനു ഉപയോഗപ്പെടുത്തുന്നുണ്ട്. ചൂരല്‍മല കടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുന്നതിന് കരസേന താത്കാലിക നടപ്പാലം ഇന്നലെ രാത്രി നിര്‍മിച്ചു. ഇതിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്കുള്ള റോഡില്‍ എത്തിയത്.
ചൂരല്‍മലയില്‍ 190 അടി നീളമുള്ള ബയ്‌ലി പാലം നിര്‍മാണം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. ഇതിനു പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളടക്കം മുണ്ടക്കൈയില്‍ എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കും. 40 ടണ്‍ ശേഷിയുള്ളതാണ് ബെയ്‌ലി പാലം.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുമെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. ഇന്നു രാവിലെ വരെ 264 മൃതദേഹങ്ങളാണ് ചൂരല്‍മലയിലും മുണ്ടൈക്കയിലും ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലുമായി കണ്ടെത്തിയത്. 400 ഓളം വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈയില്‍ മുപ്പതോളം വീടുകളാണ് അവശേഷിക്കുന്നത്. ഉരുള്‍വെള്ളം ഒഴുകിയ ഭാഗങ്ങളില്‍ മുകള്‍ഭാഗം മാത്രം മുകളില്‍ കാണാവുന്ന വിധത്തിലാണ് പല വീടുകളും. ചെറിയ വീടുകള്‍ അപ്പാടെ ഒലിച്ചുപോകുകയോ മണ്ണില്‍ പുതയുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ കരുതുന്നത്.
മേല്‍ഭാഗം മാത്രം കാണാവുന്ന നിലയിലുള്ള വീടുകളില്‍ പരിശോധന നടത്തുന്നതിന് യന്ത്ര സാമഗ്രികള്‍ എത്തണം. കൂറ്റന്‍ പാറകളാണ് മലവെള്ളം പാഞ്ഞ പ്രദേശങ്ങളില്‍ അടിഞ്ഞുകിടക്കുന്നത്. ഇവ യന്ത്രസഹായത്തോടെയേ നീക്കാനാകൂ. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി 240ല്‍ അധികം ആളുകളെ കാണാതായിട്ടുണ്ട്.
ഇന്നലെ വരെ 167 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 77 പുരുഷനും 67 സ്ത്രീയും 22 കുട്ടിയും ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടതില്‍ 96 പേരെ തിരിച്ചറിഞ്ഞു. 166 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി, ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ഇന്ന് ദുരന്ത ഭൂമി സന്ദര്‍ശിക്കും. രാവിലെ കല്‍പ്പറ്റയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും തുടര്‍ന്ന സര്‍ലകക്ഷി യോഗവും ചേരും.