കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ അതിജീവിച്ച വളര്‍ത്തുമൃഗങ്ങള്‍ ഉടയോരെ കാണാതെ ചൂരല്‍മലയിലും സമീപങ്ങളിലും അലയുന്നു. നായ്ക്കളും കാലികളും ഇതില്‍ ഉള്‍പ്പെടും. ഭയന്നും മഴ നനഞ്ഞും ഭക്ഷണം ലഭിക്കാതെയും അലയുന്ന നായ്ക്കള്‍ ചൂരല്‍മലയിലെ മറ്റൊരു സങ്കടക്കാഴ്ചയായി. ഡസനോളം നായ്ക്കളെയാണ് ചൂരല്‍മലയില്‍ മാത്രം ഇന്നലെ കാണാനായത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരില്‍ ചിലര്‍ കഴിച്ച് ബാക്കിവരുന്ന ഭക്ഷണം നായ്ക്കള്‍ക്കു നല്‍കാന്‍ സൗമനസ്യം കാട്ടുന്നുണ്ട്.
ഔദ്യോഗിക കണക്ക്ക് 249, ചാലിയാറിൽനിന്ന് കിട്ടിയത് 98 മൃതദേഹങ്ങൾ
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 249 ആയി. ഇതില്‍ 98 മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍നിന്നാണ് ലഭിച്ചത്. ഇന്നലെ രാത്രി ഏട്ടു വരെ 167 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 77 പുരുഷനും 67 സ്ത്രീയും 22 കുട്ടിയും ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടതില്‍ 96 പേരെ തിരിച്ചറിഞ്ഞു. 166 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി ഒന്‍പത് വരെ 72 മൃതദേഹം സംസ്‌കരിച്ചു. 41 മൃതദേഹം മേപ്പാടി, നെല്ലിമുണ്ട കാപ്പുംകൊല്ലി, ചെമ്പോത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്. 27 മൃതദേഹം മേപ്പാടിയില്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു കീഴിലുള്ള ശ്മശാനത്തില്‍ ദഹിപ്പിച്ചു. മൂന്നു മൃതദേഹം മേപ്പാടി സിഎസ്‌ഐ പള്ളി സമിത്തേരിയിലും ഒരു മൃതദേഹം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലും സംസ്‌കരിച്ചു.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മണ്ണിനടിയിലായ മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം പുരോഗതിയിലാണ്. നാല് സംഘങ്ങളായി തിരിഞ്ഞ് 150 ഓളം പേരാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കരസേന, വ്യോമസേന, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നി-രക്ഷാസേന എന്നിവയിലെ അംഗങ്ങളും പോലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധഭടന്‍മാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഉരുള്‍വെള്ളം ഒഴുകുന്ന പ്രദേശം സൈന്യം ചൊവ്വാഴ്ച നിര്‍മിച്ച താത്കാലിക പാലത്തിലൂടെ സാഹസികമായി മറികടന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെതന്നെ മുണ്ടക്കൈയില്‍ എത്തിയെങ്കിലും തെരച്ചില്‍ ദുഷ്‌കരമായി. ഉപകരണങ്ങള്‍ ആവശ്യത്തിനു ഉണ്ടായിരുന്നില്ല. കുഴമ്പുപരുവത്തില്‍ കല്ലും മണ്ണും മരങ്ങളും അടിഞ്ഞ പ്രദേശത്ത് മൂടിപ്പോയ വീടുകള്‍ കണ്ടെത്താനും ശ്രദ്ധയില്‍പ്പെട്ടതില്‍ വിശദ പരിശോധന നടത്താനും കഴിഞ്ഞില്ല. നാളെ വൈകുന്നേരത്തോടെ ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയാകും. ഇതിലൂടെ ഭാരവാഹനങ്ങളടക്കം മുണ്ടക്കൈ ഭാഗത്ത് എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കാനാകും. ഇന്നലെ പുഴ കടത്തി മുണ്ടക്കൈ ഭാഗത്ത് എത്തിച്ച ഒരു മണ്ണുമാന്തി യന്ത്രം തെരച്ചിലിനു ഉപയോഗപ്പെടുത്തി. ചൂരല്‍മലയിലും തെരച്ചില്‍ നടന്നു. ചെറുതും വലതുമടക്കം 10 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇതിനു ഉപയോഗപ്പെടുത്തി.
മുണ്ടക്കൈയില്‍ നിരവധിയാളുകള്‍ മണ്ണില്‍ പുതഞ്ഞിട്ടുണ്ടെന്നാണ് അനുമാനം. ഇന്നലെ തെരച്ചിലില്‍ മുണ്ടക്കൈയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഉരുള്‍വെള്ളം ഒഴുകുന്ന ഭാഗത്ത് എത്തിച്ച് സ്ട്രച്ചറില്‍ കയറ്റി റോപ്പ് സഹായത്തോടെയാണ് ചൂരല്‍മലയിലും തുടര്‍ന്ന് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലും എത്തിച്ചത്. പാലവും റോഡും ഒലിച്ചുപോയ ഭാഗത്ത് മരത്തിലും ചുരല്‍മലയില്‍ മണ്ണുമാന്തി യന്ത്രത്തിലുമാണ് റോപ്പ് ബന്ധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ കാലിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ റോപ്പ് സഹായത്തോടെയാണ് ചൂരല്‍മലയില്‍ എത്തിച്ചത്. ഉരുള്‍പൊട്ടിയ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയവരെ രക്ഷിക്കുന്നതിനു എയര്‍ ലിഫ്റ്റിംഗ് ഉപയോഗപ്പെടുത്തി.
ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പുഴയില്‍ ഒഴുക്ക് ശക്തിപ്രാപിക്കുന്നതിനു മഴ കാരണമായി. മാധ്യമപ്രവര്‍ത്തകരില്‍ ചിലരും മുണ്ടക്കൈയില്‍ എത്തിയിരുന്നു. ഇവരെ സാഹസികമാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. സൈന്യം കഴിഞ്ഞ ദിവസം നിര്‍മിച്ച താത്കാലിക പാലം ഇന്നലെ വൈകുന്നേരം കുത്തൊഴുക്കില്‍ തകര്‍ന്നു. രണ്ടു ദിവസത്തിനിടെ 1,592 പേരെയാണ് ദുരന്തഭൂമിയില്‍നിന്നു രക്ഷപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ദുരന്തമുണ്ടായതിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 43 കുട്ടികളടക്കം 206 പേരെ രക്ഷപ്പെടുത്തി
മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും വീടുകളില്‍ കുടുങ്ങിയവരുമായ 1,386 പേരെയാണ് രക്ഷിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്ടില്‍ 73 ഉം പേരും മലപ്പുറത്ത് അഞ്ചും ആളുകളാണ് ചികിത്സയില്‍.
രക്ഷാപ്രവര്‍ത്തനം: സൈന്യം ചൂരല്‍മലയില്‍ തീര്‍ക്കുന്നത് 190 അടി നീളമുള്ള ബെയ്‌ലി പാലം
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ പാലവും റോഡും നിശേഷം തകര്‍ന്നതിനെത്തുടര്‍ന്നു ഒറ്റപ്പെട്ട മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് നിര്‍മിക്കുന്നത് 190 അടി നീളമുള്ള ബെയ്‌ലി പാലം. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശത്തിനു കുറുകെ ചുരല്‍മല ടൗണിനെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ ഭാഗവുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് പാലം നിര്‍മാണം. കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പിലെ(എംഇജി) നൂറോളം പേരടങ്ങുന്ന സംഘമാണ് പാലം പണിയുന്നത്. ആലപ്പുഴ സ്വദേശിയുമായ മേജര്‍ അനീഷ് ദേവനാണ് നതൃത്വം നല്‍കുന്നത്.
ചൊവ്വാഴ്ച മുതല്‍ സൈന്യം ചൂരല്‍മലയില്‍ സജീവമാണെങ്കിലും ബെയ്‌ലി പാലം പണിയില്‍ ഏറെ മുന്നോട്ടുപോകാനായില്ല. നിര്‍മാണ സാമഗ്രികള്‍ മുഴുവന്‍ ചൂരല്‍മലയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് ഇതിനു കാരണം. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ പ്രശ്‌നം പരിഹൃതമായത്. ഇന്ന് വൈകുന്നേരത്തോടെ പാലം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മേജര്‍ അനീഷ് ദേവന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ അടിന്തര ഉപയോഗത്തിന് സൈന്യം കഴിഞ്ഞ ദിവസം താത്കാലിക പാലം സജ്ജമാക്കിയിരുന്നു.
ബെയ്‌ലി പാലം നിര്‍മിക്കുന്ന സൈനിക സംഘത്തില്‍ ഒരു പോലീസുകാരനുമുണ്ട്. കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സേവനം ചെയ്യുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഈങ്ങാപ്പുഴ സ്വദേശി മുരളീധരനാണ് സൈന്യവുമായി സഹകരിക്കുന്നത്. 19 വര്‍ഷം കരസേനയിലായിരുന്ന ഇദ്ദേഹം ബെയ്‌ലി പാലം നിര്‍മാണത്തില്‍ വിദഗ്ധനാണ്. പോലീസ് അധികാരികളുടെ പ്രത്യേക അനുമതി വാങ്ങിയാണ് സൈന്യത്തിനൊപ്പം കൂടിയത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് നിര്‍മിക്കുന്ന ബെയ്‌ലി പാലമെന്ന് മുരളീധരന്‍ പറഞ്ഞു. സൈനികര്‍ ഇന്നലെ രാത്രി വൈകിയും പാലം നിര്‍മാണത്തില്‍ വ്യാപൃതരായി. ഉരുള്‍പൊട്ടലിനു മുമ്പ് ഏകദേശം എട്ട് മീറ്ററായിരുന്നു ചൂരല്‍മല ടൗണിനു സമീപം പുഴയുടെ വീതി.
ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം: കോഴിക്കോട് രൂപത സര്‍ക്കാരുമായി കൈകോര്‍ക്കും
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഭൂമിയും വീടും നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനു സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കും. പുനരധിവാസത്തിനു ഉപയോഗപ്പെടുത്തുന്നതിന് രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസികളെ സന്ദര്‍ശിക്കാനും മനോവീര്യം പകരാനും എത്തിയ കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അറിയിച്ചതാണ് വിവരം.
പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ദുരന്തമുഖത്തും ദുരിതാശ്വാസ ക്യാമ്പുകളിലും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രസ്ഥാനങ്ങളും സജീവമാണ്. വിവിധ ദേശങ്ങളില്‍നിന്നു എത്തിയവര്‍ സേവനരംഗത്ത് പ്രകടിപ്പിക്കുന്ന ഒരുമയും സഹകരണവും പ്രശംസനീയമാണ്. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് ബിഷപ് പറഞ്ഞു. മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍, മേപ്പാടി സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.സണ്ണി ഏബ്രഹാം എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.