ദമാം- സൗദിയിലെ പ്രവാസികളെ, പ്രത്യേകിച്ച് മലയാളി പ്രവാസികളെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടുന്ന കൊലയാളി സംഘമായിരുന്നു എന്നത് മലയാളി പ്രവാസികളുടെ ഞെട്ടലിന്റെ ആഘാതം കൂട്ടുകയും ചെയ്തു. ഈ കേസിൽ രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ അഞ്ചു പേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കി. ഒരു മലയാളി ഇപ്പോഴും ജയിലിലാണ്.
ഒരു ചെറിയ പെരുന്നാൾ ദിവസം (2016 ജൂലൈ ആറിന്) സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ വര്‍ക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം കൊല്ലപ്പെട്ട നിലയിലാണ് കൊടുവള്ളി വേലാട്ടു കുഴിയില്‍ അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനായ സമീറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു. മൂന്നു ദിവസം മുമ്പ് കാണാതായ സമീറിന് വേണ്ടി പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മുറിപ്പാടുകളും സാഹചര്യ തെളിവുകളും പരിശോധിച്ച പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ജുബൈല്‍ പോലീസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംദി, എന്നിവര്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഉടൻ പിടികൂടുകയും ചെയ്തു.
അല്‍ കോബാറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദീന്‍), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നീ മലയാളികളും, സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി എന്നിവരെയുമാണ് പോലീസ് പിടികൂടിയത്. സമീറില്‍നിന്നും പണം കവരുന്നതിനായി സൗദി യുവാക്കള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പണം കണ്ടെത്താതതിനെ തുടര്‍ന്ന് മൂന്ന് ദിവസം ബന്ദിയാക്കി കടുത്ത മര്‍ദ്ദനം നടത്തുകയും ചെയ്തു. ഇതിനിടെ സമീറിന്റെ മരണം സംഭവിച്ചു. മരിച്ചില്ലെന്ന് കരുതിയാണ് ഇവർ സമീറിനെ വഴിയരികിൽ ഉപേക്ഷിച്ചത്. അതിക്രൂരമായ മർദ്ദനമാണ് സമീറിന് ഏൽക്കേണ്ടി വന്നത്. കേസിന്റെ നടപടിക്രമങ്ങൾ മലയാളം ന്യൂസ് വിശദമായി വാർത്തയായി നൽകിയിരുന്നു.
അനധികൃത പണമിടപാട് കേന്ദ്രങ്ങളും, മദ്യ വാറ്റ് കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന സംഘമായിരുന്നു കൊലക്ക് പിന്നിൽ. മദ്യ വാറ്റ് കേന്ദ്രത്തെ ഒറ്റുകയും നടത്തിപ്പുകാരനെ പിടിക്കുന്നതിനും വേണ്ടി ഇറങ്ങി തിരിച്ച സംഘം ആളുമാറി സമീറിനെ തട്ടി കൊണ്ടുപോവുകയായിരുന്നു. ടാക്സി ഡ്രൈവര്‍ എന്ന വ്യാജേന കഴിഞ്ഞിരുന്ന നൈസാമും അജ്മലും ക്രിമിനല്‍ സംഘങ്ങളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു.
ദമാം, അല്‍ കോബാര്‍, അല്‍ ഹസ്സ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ക്രിമിനല്‍ സംഘം അനേകം അക്രമങ്ങള്‍ ഇതിനകം നടത്തിയതായും കോടതിയിൽ സമ്മതിച്ചു. ഹവാല ഇടപാടുകള്‍, തായ്ലന്‍റ് ലോട്ടറി കേന്ദ്രങ്ങള്‍, മദ്യ വാറ്റ് കേന്ദ്രങ്ങള്‍, മദ്യ വില്‍പ്പനക്കാര്‍, എന്നിവരെ ലക്ഷ്യം വെച്ചാണ് റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത കേന്ദ്രങ്ങളെ പറ്റി വിവരം നൽകാൻ ഇന്ത്യക്കാരടക്കം പല വിദേശികളും പ്രവര്‍ത്തിച്ചിരുന്നു. ഒറ്റുകാരുടെ സഹായത്തോടെ ഇവര്‍ ഈ കേന്ദ്രങ്ങള്‍ വളയുകയും പണം കൈക്കലാക്കുകയും ചെയ്യുകയാണ് പതിവ്.
പണം കൈവശമില്ലെങ്കില്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിപ്പിക്കുകയും സി ഐ ഡി കളാണെന്നു ധരിപ്പിക്കുന്നതിന് പോലീസ് വയര്‍ലസ് മെസ്സേജുകള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു ബന്ധുക്കളെയും സുഹൃത്തുക്കളെയും കേള്‍പ്പിക്കുകയും ഭീമമായ തുക ആവശ്യപ്പെടുകയും പണം കൈക്കലാക്കുകയും ചെയ്യും. ഇതിനിടയില്‍ മാരകമായി പീഡിപ്പിക്കുകയും ചെയ്യുമെങ്കിലും അനധികൃത ഇടപാടുകള്‍ ആയതിനാല്‍ ആരും പോലീസില്‍ പരാതി നല്‍കാനും തയ്യാറാകില്ല. കൊലപാതകികകൾക്ക് മാപ്പു നൽകാൻ കൊല്ലപ്പെട്ട സമീറിന്റെ കുടുംബം തയ്യാറായിരുന്നില്ല. നിയമനടപടികളെല്ലാം പൂർത്തിയാക്കിയാണ് പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്ന അജ്മൽ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. ഏറെകാലമായി മംഗലാപുരത്താണ് അജ്മലിന്റെ കുടുംബം താമസിക്കുന്നത്.
കൊല്ലപ്പെടുന്നതിന് രണ്ടു വർഷം മുമ്പാണ് സമീർ സൗദിയിലെത്തിയത്. മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന സമീറിനെ ജോലിക്ക് വരാത്തതിനെ തുടർന്ന് സ്പോൺസർ ഹുറൂബാക്കുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി സമീറിന്റെ മൃതദേഹം നാട്ടിലെത്തിച്ചാണ് മറവു ചെയ്തത്. സമീറിന്റെ ഭാര്യ ആയിഷ. മക്കൾ- മുഹമ്മദ് സിനാൻ, സന ഫാത്തിമ.