കയ്റോ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ഹനിയ്യ. ഇതേവരെ ഹമാസിന്റെ നിരവധി നേതാക്കളെയും കുടുംബാംഗങ്ങളെയുമാണ് ഇസ്രായിൽ പല ഘട്ടങ്ങളിലായി കൊന്നൊടുക്കിയത്. 1987-ൽ വെസ്റ്റ്ബാങ്കിലെയും ഗാസ മുനമ്പിലെയും അധിനിവേശത്തിനെതിരായ ആദ്യ ഫലസ്തീൻ പ്രക്ഷോഭത്തിനിടെ ഹമാസിൻ്റെ നേതാക്കളെയും പ്രധാന പ്രവർത്തകരെയും ഇസ്രായിൽ കൊലപ്പെടുത്തിയിരുന്നു.
ഇസ്രായിൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഇവരാണ്.
യഹിയ അയ്യഷ്
“എൻജിനീയർ” എന്ന് വിളിപ്പേരുള്ള ഫലസ്തീൻ വിമോചന പോരാളി യഹിയ അയ്യാഷിനെ 1996 ജനുവരി 5 നാണ് ഇസ്രായിൽ കൊലപ്പെടുത്തിയത്. യഹിയ അയ്യാഷിന്റെ കയ്യിലിരുന്ന സെൽഫോൺ പൊട്ടിത്തെറിച്ചാണ് യഹിയ മരിച്ചത്. ഇതിന്റെ ഉത്തവാദിത്വം ഏറ്റെടുക്കാൻ ഇസ്രായിൽ വിസമ്മതിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഒമ്പത് ദിവസങ്ങളിലായി മൂന്ന് ഇസ്രായേലി നഗരങ്ങളിൽ നടത്തിയ നാലു ചാവേർ ആക്രമണങ്ങളിലായി 59 പേർ കൊല്ലപ്പെട്ടു.
ഖാലിദ് മിഷ്അൽ(വധശ്രമം)
1997-ൽ ജോർദാനിയൻ തലസ്ഥാനമായ അമ്മാനിലെ തൻ്റെ ഓഫീസിന് പുറത്തുള്ള ഒരു തെരുവിൽ വെച്ച് ഇസ്രായേൽ ഏജൻ്റുമാർ മുൻ ഹമാസ് നേതാവ് ഖാലിദ് മിഷ്അലിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഖാലിദ് മിഷ്അലിനെ ലക്ഷ്യമിട്ട് ഉത്തരവിട്ടത്. തന്റെ രാജ്യത്ത് വെച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ രോഷാകുലനായ അന്നത്തെ ജോർദാൻ ഭരണാധികാരി ഹുസൈൻ രാജാവ്, പ്രതികളെ തൂക്കിക്കൊല്ലുമെന്ന് അറിയിച്ചു. വിഷം കുത്തിവെച്ചതിനെതിരെ മറുമരുന്നും രാജാവ് ആവശ്യപ്പെട്ടു. മരുന്ന് കൈമാറിയില്ലെങ്കിൽ ഇസ്രായേലുമായുള്ള ജോർദാൻ സമാധാന ഉടമ്പടി റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറുമരുന്ന് നൽകാൻ തയ്യാറായ ഇസ്രായിൽ ഹമാസ് നേതാവ് ഷെയ്ഖ് അഹമ്മദ് യാസിനെ മോചിപ്പിക്കാനും സമ്മതിച്ചു,
അഹമ്മദ് യാസിൻ
2004 മാർച്ച് 22 ന് ഗാസ സിറ്റിയിലെ ഒരു പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോഴാണ് ഹമാസിൻ്റെ ക്വാഡ്രിപ്ലെജിക് സഹസ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദിനെ ഇസ്രായേൽ ഹെലികോപ്റ്റർ മിസൈൽ ആക്രമണത്തിൽ വധിച്ചത്. 2003ൽ ഗാസയിലെ ഹമാസ് അംഗത്തിൻ്റെ വീട്ടിൽ വെച്ച് ഇസ്രായേൽ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇസ്രായിലിലെ എല്ലാ വീടുകളും മരണത്തിന്റെ ഗന്ധം മുഴങ്ങുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. അഹമ്മദ് യാസീന്റെ കൊലപാതകം, ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
അബ്ദുൽ-അസീസ് അൽ-റാൻ്റിസി
2004 ഏപ്രിൽ 17 ന് ഗാസ സിറ്റിയിൽ കാറിന് നേരെ ഇസ്രായേൽ ഹെലികോപ്റ്റർ മിസൈൽ ആക്രമണം നടത്തി ഹമാസ് നേതാവ് അബ്ദുൽ അസീസ് അൽ-റാൻ്റിസി കൊലപ്പെടുത്തി. രണ്ട് അംഗരക്ഷകരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഷെയ്ഖ് അഹമ്മദ് യാസിൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗാസയിൽ ഹമാസ് നേതാവായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ കൊലപാതകം.
അദ്നാൻ അൽ-ഗൗൾ
2004 ഒക്‌ടോബർ 21 ന് ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഹമാസ് മാസ്റ്റർ ബോംബർ എന്നറിയിപ്പെടുന്ന അദ്നാൻ അൽ ഗൗൾ കൊല്ലപ്പെട്ടത്. ഹമാസിൻ്റെ സൈനിക വിഭാഗത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ഗൗൾ,
നിസാർ റയ്യാൻ
ഹമാസിൻ്റെ ഏറ്റവും ചുണയുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന മതപണ്ഡിതൻ കൂടിയായിരുന്ന നിസാർ റയ്യാനെ 2009 ജനുവരി ഒന്നിനാണ് ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയത്. ജബലിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തിലായിരുന്നു കൊലപാതകം. ദിവസങ്ങൾക്ക് ശേഷം, ജനുവരി 15 ന് ഗാസ മുനമ്പിൽ വെച്ച് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ ആഭ്യന്തര മന്ത്രി സയീദ് സെയ്യാം കൊല്ലപ്പെട്ടു. 13,000 ഹമാസ് പോലീസിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചുമതലയായിരുന്നു സയീദ് സെയ്യാമിനുണ്ടായിരുന്നത്.
സാലിഹ് അൽ-അറൂരി
ബെയ്‌റൂത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയെയിൽ ഇസ്രാഈലി ഡ്രോൺ ആക്രമണം നടത്തി ഡെപ്യൂട്ടി ഹമാസ് മേധാവി സലേഹ് അൽ-അറൂറിയെ 2024 ജനുവരി 2-ന് കൊലപ്പെടുത്തി. ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിൻ്റെ സ്ഥാപകൻ കൂടിയായിരുന്നു അരൂരി.
ഇസ്മയിൽ ഹനിയ്യ
ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് ഇറാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രായിൽ കൊലപ്പെടുത്തിയത്. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു കൊലപാതം. വടക്കൻ ടെഹ്‌റാനിലെ യുദ്ധ സേനാനികൾക്കായുള്ള പ്രത്യേക വസതിയിലായിരുന്നു ഹനിയ താമസിച്ചിരുന്നത്. ഹനിയയുടെ വസതിയിൽ വായുവിലൂടെയുള്ള പ്രൊജക്‌ടൈൽ ഇടിച്ചാണ് കൊലപാതകം നടത്തിയത്.