“നിങ്ങൾ കേട്ടതൊന്നുമല്ല, ഇവിടുത്തെ കാഴ്ചകൾ.. ഹൃദയംപൊട്ടിപ്പോകും.. അത്രയ്ക്ക് ഭിതിതവും ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ് ഇവിടുത്തെ രംഗങ്ങൾ.. ദുരന്തഭൂമിയിലും മൃതദേഹങ്ങൾ എത്തിച്ചിരിക്കുന്ന മേപ്പാടി ആശുപത്രിയിലും കരച്ചിലടക്കി നിൽക്കാനാവില്ല. അത്രകണ്ട് സങ്കടകരമാണ്. നിങ്ങൾ പ്രാർഥിക്കൂ…”
വയനാട്ടിലുള്ള സുഹൃത്ത് മുസ്തഫയുടെ വാക്കുകളാണിത്. വളരെ പ്രയാസപ്പെട്ടും പണിപ്പെട്ടുമാണ് മുസ്തഫ അവിടുത്തെ കാഴ്ചകൾ വിവരിച്ചത്. നോക്കി നിൽക്കാനാകാതെ ബോധരഹിതരാകുന്നവരേറെയുണ്ട്. വല്ലാത്തൊരന്തരീക്ഷമാണിവിടെ…
കുത്തിയൊലിച്ചെത്തിയ പാറയും മണലും വെള്ളവും നക്കിത്തുടച്ചുപോയ മുണ്ടക്കൈ പ്രദേശത്ത് ഇനി ആരുണ്ടാകും. പാലമുൾപ്പെടെ തകർന്നപ്പോൾ ആർക്കും ദുരന്തഭൂമിയിലേക്ക് എത്താനാകാതായി. തലയും കാലും കൈയും ഇല്ലാത്ത ചേതനയറ്റ മനുഷ്യശരീരങ്ങൾ ചാലിയാർ പുഴയിലൂടെ കിലോമീറ്ററുകൾ അകലെയുള്ള നിലമ്പൂരിലും പോത്തുകല്ലിലുമൊക്കെ എത്തുന്നു. കുത്തഴുക്കിൽപ്പെട്ട മൃതദേഹങ്ങളിൽ പത്തിരുപതോളം അന്നാട്ടുകാർ പിടിച്ചടുപ്പിച്ച് കരക്കുകയറ്റി. വലിയ വല വിരിച്ചുകെട്ടി ഇനിയും വരുന്നത് തടയാനൊരു ശ്രമവും നടത്തുന്നു. പലരുടെയും മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടാകാം… യാതൊരു തീർപ്പുമില്ല. എത്ര പേരുണ്ട്.. ആരൊക്കെ ജീവിച്ചിരിപ്പുണ്ട്! മരിച്ചിട്ടുണ്ട്!! എന്നൊക്കെ.
മുസ്തഫ പറയുന്നത് തെക്കൻകേരളത്തിലെ ആലപ്പുഴയിലിരുന്ന് കേൾക്കുന്ന എന്റെ ഉള്ളം തേങ്ങുന്നു. കണ്ണീരറിയാതെ ഇറ്റുന്നു. ദുരന്തഭൂമി മനസിനെ വല്ലാതെ അലട്ടുന്നു.
ചൂരൽമലയിൽ ഒരു ചെറിയ അങ്ങാടി ഉണ്ടായിരുന്നു. ഇരുന്നൂറിലേറെ വീടുകളുണ്ടായിരുന്നു. അവയൊക്കെ മണ്ണിനടിയിലാവുകയും പുഴയൊഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. ചൂരൽമല അങ്ങാടി നിന്ന സ്ഥലം ഇപ്പോൾ ചെളിപ്രദേശമായി മാറി. രക്ഷാപ്രവർത്തകർക്കൊന്നും കാര്യമായി അവിടേക്കെത്താൻ സാധിക്കുന്നില്ല. മൃതദേഹങ്ങൾ അംഗഭംഗംവന്ന് അവിടവിടെയായി കിടക്കുന്നു. അവയെടുത്ത് പുഴയ്ക്കിക്കരെ എത്തിച്ചാലേ ആശുപത്രിയിലോ മറ്റോ കൊണ്ടുപോകാനാകൂ.. സൈന്യത്തിൽപ്പെട്ട കുറച്ചുപേർ റോപ്പുമാർഗം അതിസാഹസികമായി പുഴകടന്ന് മൃതദേഹങ്ങൾ ഓരോന്നായി സ്ട്രെച്ചറിൽ വച്ചുകെട്ടി അത് റോപ്പുമായി ബന്ധിപ്പിച്ച് ഇക്കരെ എത്തിക്കുന്നു. എത്രപേരുണ്ടാകും അവിടെ? ആർക്കും കണക്കില്ല. ഇതിനിടെ പുഴയിൽ ജലനിരപ്പ് ഉയരുന്നത് എല്ലാം ദുഷ്കരമാക്കുന്നു. വൈകുന്നേരം നേരത്തെ ഇരുട്ട് വീഴുന്ന പ്രദേശമാണ് മുണ്ടക്കൈ. അതിനാൽ ഇനിയുള്ള മണിക്കൂറുകൾ രക്ഷാപ്രവർത്തകർക്ക് വളരെ ബുദ്ധിമുട്ടാകും. ഇരുട്ടുവീണാൽ ദുരന്തസ്ഥലത്ത് നിൽക്കുന്നത് പ്രയാസകരമാണ്. വെട്ടവും വെളിച്ചവുമില്ലാതെ രക്ഷാദൗത്യം അതീവ ദുഷ്ക്കരമാകും. ഇതിനിടെ പലതവണ ചെറിയ ഉരുൾപൊട്ടലുണ്ടായി. അതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. സൈന്യവും മന്ത്രിമാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമെല്ലാം ഭയന്നോടിമാറി.
വലിയ മലകൾ ഇരമ്പിയാർന്ന് എത്തുന്ന ഭീകരമായ സാഹചര്യം അവിടെ കൂടിയവർ ഭീതിയോടെയാണ് നേരിട്ടത്.
മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഭാഗത്തുള്ളവർ പറയുന്നത് -പാറയിലിടിച്ചും മറ്റും ശരീരഭാഗങ്ങൾ അറ്റുപോയിട്ടാണ് പല ദേഹങ്ങളും കണ്ടെത്തിയിട്ടുള്ളതെന്ന്. ദുരന്തഭൂമിയിലൂടെ ഒഴുകുന്ന പുഴ സൂചിപ്പാറ വെള്ളച്ചാട്ടവും കടന്നാണ് ചാലിയാറിലേക്ക് ലയിക്കുന്നത്. ചൂരൽമലയിലെ ദുരന്തത്തിൽപ്പെട്ടവർ സൂചിപ്പാറയിലെ വെള്ളച്ചാട്ടത്തിൽ വലിയ പാറകൾക്കൊപ്പം പതിച്ചാണ് ചാലിയാറിൽ എത്തുന്നത്. ഹൊ.. ചിന്തിക്കാനാകാത്ത ദുരന്തമാണിത്.
ചൂരൽമലയിലെ അങ്ങാടിക്കപ്പുറത്തുള്ള ചിലരുടെ മൊബൈൽഫോൺ ഉച്ചവരെ പ്രവർത്തിച്ചിരുന്നു. പിന്നീട് അനക്കമില്ല. ചാർജ് തീർന്നതാകാം. മൊബൈലിലൂടെ ജീവനുവേണ്ടി കേഴുന്ന അമ്മമാരുടെ ദയനീയ ശബ്ദം പല ഫോണിലേക്കും എത്തി. ഞങ്ങളുടെ പിഞ്ചുമക്കളെയെങ്കിലും രക്ഷിക്കൂയെന്ന തേങ്ങലാണവിടെനിന്ന്. പക്ഷേ, ഇക്കരെ നിൽക്കുന്നവർക്ക് കലിതുള്ളി പാഞ്ഞൊഴുകുന്ന പുഴ നോക്കാനേ കഴിയുന്നുള്ളൂ..
മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രവും ആശുപത്രിയുമെല്ലാം മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞു. ഓരോന്നും ആരുടേതെന്ന് തിരിച്ചറിയാൻ അലമുറയിട്ടുവരുന്ന ബന്ധുമിത്രാദികൾ. ആശുപത്രിയിലും പരിസരത്തും ഉയരുന്ന കരച്ചിലിന്റെ പ്രതിധ്വനി മലയിറങ്ങിവരുന്ന കോടമഞ്ഞിലലിഞ്ഞ് യാത്ര ചെയ്യുന്നു…