അബുദാബി: യു.എ.ഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിക്കാനുള്ള ലൈസൻസ് അനുവദിച്ചു. ഗെയിം ഡെവലപ്മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ‘ദ് ഗെയിം എൽ.എൽ.സി ‘ക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്.’യുഎഇ ലോട്ടറി ‘യുടെ ബാനറിൽ ആണ് ഇത് പ്രവർത്തിക്കുന്നത്.
കളിക്കാരുടെ വൈവിധ്യമാർന്ന താല്പര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ലോട്ടറി ഗെയിമുകളും മറ്റു ഗെയിമുകളും ഇവർ വാഗ്ദാനം ചെയ്യുന്നു.
ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ ( ജി.സി.ജി.ആർ.എ) പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിംഗ് മേഖല സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള അതോറിറ്റിയുടെ ശ്രമത്തിലെ നാഴികകല്ലായാണ് കാണുന്നത്.
സുതാര്യത, ഉത്തരവാദിത്തം, ഉപയോക്തൃ സംരക്ഷണം, മികച്ച ഗെയിമിങ് രീതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ തയാറാക്കിയിരിക്കുന്നത്. ജി.സി.ജി.ആർ.എ.യുടെ അംഗീകാരമില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.