റിയാദ് – തലസ്ഥാന നഗരിയുടെ പുതിയ തിലകക്കുറിയായി കിംഗ് സല്‍മാന്‍ സ്റ്റേഡിയം നിര്‍മിക്കുന്നു. സ്റ്റേഡിയത്തിന്റെയും അനുബന്ധ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങളുടെയും രൂപകല്‍പനകള്‍ റിയാദ് റോയല്‍ കമ്മീഷന്‍ പരസ്യപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാകും കിംഗ് സല്‍മാന്‍ സ്റ്റേഡിയം. സൗദി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മെയിന്‍ ആസ്ഥാനമായി മാറുന്ന സ്റ്റേഡിയം വന്‍കിട സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ആതിഥേയത്വം വഹിക്കും.
ഉത്തര റിയാദില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിനു സമീപമാണ് കിംഗ് സല്‍മാന്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടക്കമുള്ള സുപ്രധാന സ്ഥാപനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തെ റെയില്‍വെ സ്റ്റേഷനുമായും പ്രധാന റോഡുകളുമായും ബന്ധിപ്പിക്കുന്നതിനാല്‍ റിയാദില്‍ എവിടെ നിന്നും എളുപ്പത്തില്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
2029 നാലാം പാദത്തില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ആറു അന്താരാഷ്ട്ര കമ്പനികള്‍ സമര്‍പ്പിച്ച രൂപകല്‍പനകളില്‍ നിന്നാണ് സ്റ്റേഡിയത്തിനു വേണ്ടി ഏറ്റവും മികച്ച രൂപകല്‍പന തെരഞ്ഞെടുത്തത്. പര്‍വത ഭൂമിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനും രൂപകല്‍പനയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 96,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്റ്റേഡിയത്തിന് ഹരിത ഭിത്തികളും മേല്‍ക്കൂരയുമുണ്ടാകും. 6,60,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാനുള്ള ഒരുകൂട്ടം സൗകര്യങ്ങളും എല്ലാ പ്രായക്കാര്‍ക്കും ദിവസം മുഴുവന്‍ ലഭ്യമായ വാണിജ്യ കേന്ദ്രങ്ങളും വിനോദ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നു. ഇത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റും.
പ്രധാന സ്റ്റേഡിയത്തില്‍ 92,000 സീറ്റുകളാണുണ്ടാവുക. കൂടാതെ 150 സീറ്റുകള്‍ അടങ്ങിയ റോയല്‍ ക്യാബിനും 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും 300 വി.ഐ.പി സീറ്റുകളും വിശിഷ്ട വ്യക്തികള്‍ക്കുള്ള 2,200 സീറ്റുകളും സ്റ്റേഡിയത്തിലുണ്ടാകും. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിംഗ് സംവിധാനമുണ്ടാകും. സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം സ്‌ക്രീനുകളാല്‍ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിനകത്തെ പൂന്തോട്ടങ്ങള്‍ മറ്റൊരു സവിശേഷതയാകും. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിന്റെ വേറിട്ട കാഴ്ച സമ്മാനിക്കുന്ന നടപ്പാതയുമുണ്ടാകും. ഇത് സന്ദര്‍ശകര്‍ക്ക് അസാധാരണമായ അനുഭവം നല്‍കും.
വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, പാഡല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍ക്കു പുറമെ, വിവിധ കായിക വിനോദങ്ങള്‍ പരിശീലിക്കാനുള്ള രണ്ട് റിസര്‍വ് മൈതാനങ്ങള്‍, ആരാധകര്‍ക്കുള്ള അരീനകള്‍, ഇന്‍ഡോര്‍ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂള്‍, അത്‌ലറ്റിക്‌സ് ട്രാക്ക് എന്നീ അനുബന്ധ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടാകും.
ക്യാപ്.
റിയാദില്‍ നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിന്റെ രൂപകല്‍പനകള്‍.