ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു.
കണ്ണൂർ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് നാലു പേരുണ്ട്. കേരളത്തിൽ പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. exams.nta.ac.in എന്ന വെബ്‌സൈറ്റിൽ ഫലമറിയാം.
സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. വിവാദമായ ആദ്യ റാങ്ക് പട്ടികയിൽ നാലു മലയാളികൾ അടക്കം 61 പേർക്ക് ഒന്നാംറാങ്ക് ഉണ്ടായിരുന്നു.
പുതുക്കിയ പട്ടിക വന്നതോടെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻ.ടി.എയ്ക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.