അങ്കോള ( ഉത്തര കർണ്ണാടക): കർണ്ണാടകയിൽ മണ്ണിടിഞ്ഞു കാണാതായ മലയാളിയായ അർജുനെയും കർണ്ണാടകക്കാരായ മറ്റ് രണ്ട് പേരെയും കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസവും നിർത്തി. സൈന്യത്തിന്റെയും നാവികസേനയുടെയും ദുരന്ത നിവാരണ സേനയുടെയും എല്ലാ ആധുനിക സംവിധാനവും വരുത്തി വലിയ സന്നാഹം ഒരുക്കി ഇന്നലെ നടത്തിയ തിരച്ചിലും തീരത്തണഞ്ഞില്ല. അതിനിടെ അർജുന്റെ ട്രക്കിൽ നിന്ന് വടം പൊട്ടി ഒഴുകിപ്പോയ നാല് മരത്തടികൾ 8 കിലോമീറ്റർ ദൂരെ
അഗർഗോണ എന്ന സ്ഥലത്ത് വച്ച് പുഴയിൽ നിന്ന് കിട്ടി. ഇംതിയാസ് എന്നയാളുടെ വീടിനടുത്താണ് മരത്തടികൾ അടിഞ്ഞത്.പി.എ ഒന്ന് എന്ന് എഴുതിയ തടികൾ തങ്ങളുടേത് തന്നെയാണെന്ന്
ലോറി ഉടമ മനാഫിന്റെ സഹോദരൻ തിരിച്ചറിഞ്ഞിരുന്നു.
റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് പുഴയിൽ തിരയാൻ രാജധാനി എക്സ്പ്രസിൽ വരുത്തിയ സൈന്യത്തിന്റെ ഐ ബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ട്രക്ക് കണ്ടെത്തിയെങ്കിലും അതിൽ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഒരു വാഹനമോ മനുഷ്യനോ വെള്ളത്തിലോ മണ്ണിലോ പുതഞ്ഞു കിടന്നാലും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് ഐ ബോഡ് ഡ്രോൺ. രണ്ടര കിലോമീറ്റർ ദൂരത്തിൽ ഡാറ്റ ശേഖരിക്കാൻ ഇതിലൂടെ കഴിയും.
എന്നാൽ കനത്ത മഴയും കാറ്റും കാരണം ഡ്രോൺ പറത്തുന്നത് പ്രതിസന്ധിയിൽ ആയതോടെയാണ് തിരച്ചിൽ നിർത്തിയത്. പുഴയിൽ പത്ത് മീറ്റർ ആഴത്തിൽ കണ്ടെത്തിയ ട്രക്കിന് അടുത്തേക്ക് എത്താൻ നാവികസേനയുടെ ഡൈവേഴ്സ് ശ്രമിച്ചു. അടുത്ത് എത്തിയെങ്കിലും ഇറങ്ങാൻ പറ്റിയില്ല. പക്ഷെ, ട്രക്കിൽ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
പുഴയിൽ തലകീഴായി കിടക്കുന്ന നിലയിലുള്ള അർജുന്റെ ട്രക്ക് 20 മീറ്റർ താഴ്ചയിലാണുള്ളത്. ട്രക്കിന്റെ മുകൾ ഭാഗം അഞ്ച് മീറ്റർ മാത്രം താഴ്ചയിലാണുള്ളത്. പുഴയുടെ ഇരു കരകളിലുമായി 30 മീറ്റർ വീതിയിൽ ഡ്രോൺ പറത്തിയപ്പോൾ മൂന്ന് സ്പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് സ്പോട്ടുകൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന പുന:രാരംഭിക്കുക. പത്താം ദിവസത്തെ തിരച്ചിലിൽ അർജുനെയും ട്രക്കിനെയും കരയിൽ കയറ്റാനാകുമെന്ന് നൂറ് ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്.