അങ്കോല: കർണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. കരയിൽ ലോറി കണ്ടെത്താൻ സാധിച്ചിക്കാത്ത സാഹചര്യത്തിൽ ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് ഗംഗാവലി പുഴയിലാണ് കാര്യമായ തിരച്ചിൽ.
അതിനിടെ, ഗംഗാവലി പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ഉത്തര കന്നഡ കലക്ടർ അറിയിച്ചു.
ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്‌നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്‌ക്കൊപ്പം കരസേനയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങളും ഒരുക്കിയാണ് രക്ഷാപ്രവർത്തനം. അതേസമയം പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും സമാന്തരമായി പരിശോധന നടക്കുന്നുണ്ട്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയാകുമെന്നും സംശയങ്ങളുണ്ട്. ‘
നദിക്കരയിലെ സിഗ്‌നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ ദൗത്യസംഘം പരിശോധന നടത്തുന്നത്. അർജുന്റെ ലോറി റോഡരികിൽ നിർത്തിയിട്ടതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും നാൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group