ബംഗളുരു – കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി ഇന്ന് വീണ്ടും തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുക. ഇതിനായി റെഡാര്‍ രാവിലെ എത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. സാങ്കേതിക വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. എസ്ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ഫയര്‍ഫോഴ്‌സും മറ്റ് രക്ഷാ പ്രവര്‍ത്തകരുമാണ് അര്‍ജുനായി തരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. ജിപിഎസ് പോയിന്റില്‍ ഇന്ന് കൂടുതല്‍ തെരച്ചില്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചെന്നും രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ ശക്തമായി നടക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു.
വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് കൊണ്ടുവരിക. റഡാര്‍ വഴി കൃത്യം ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.