ന്യൂഡൽഹി / അഹമ്മദാബാദ്: അപൂർവ വൈറസ് ബാധ ബാധിച്ച് ഗുജറാത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഗുജറാത്തിലെ ചാന്ദിപുരയിൽ ഒരാഴ്ചക്കിടെയാണ് സംഭവം. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മദ്ധ്യപ്രദേശിൽ നിന്ന് ഒരാളും ഇവിടെ ചികിത്സ തേടിയതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് ചാന്ദിപുര വൈറസ് കേസുകൾ റിപോർട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതായി റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ചിട്ടുണ്ട്. ഇതിന് ശേഷം സമാന ലക്ഷണങ്ങളുമായി നാല് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോഗം പരത്തുന്നത്.
അണുബാധ വളരെ വേഗം പടരുന്നതിനാൽ രോഗം ബാധിച്ച് 24-48 മണിക്കൂറിനകം മരണം സംഭവിക്കാമെന്നും പഠനങ്ങളുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം പകരുന്നത്. നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവ മരണം തടയാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും കടുത്ത ജാഗ്രത വേണമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി പറഞ്ഞു.