പൊന്നാനി / നിലമ്പൂർ: മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിൽ മൂന്നുപേർക്കും നിലമ്പൂരിൽ ഒരാൾക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.
പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് സ്ത്രീകൾക്ക് രോഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളതെന്ന് അധികൃതർ പറഞ്ഞു.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലേറിയ ഉണ്ടാകാറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
കൊതുക് കടിയേല്ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാൽ മലമ്പനിയിൽ നിന്നും രക്ഷ നേടാനാവും. ഇടവിട്ട് മഴയുള്ളതിനാൽ മലമ്പനിയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.
കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്കണം. വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group