ജിദ്ദ – സൗദി, ഇന്ത്യ സഹകരണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. കാര്‍ഷിക മേഖലാ സഹകരണത്തിന് ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാര്‍ഷിക മേഖലാ സഹകരണത്തിന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചും തമ്മില്‍ കരാര്‍ ഒപ്പുവെക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പുവെക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
എല്ലാതരം വിനാശകരമായ ആയുധങ്ങളും നിരോധിക്കാനും അവയുടെ വ്യാപനം തടയാനും അന്താരാഷ്ട്ര സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യ പിന്തുണ നല്‍കും. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിലും രാസായുധ നിരോധ കരാര്‍ വകുപ്പുകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിലും രാസായുധ നിരോധന സംഘടനക്ക് സുപ്രധാന പങ്കുണ്ട്.
ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ വംശഹത്യയെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഗാസയില്‍ ഉടനടി ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും അധിനിവിഷ്ട ഫലസ്തീനില്‍ നിരായുധരായ സാധാരണക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്നത് സംബന്ധിച്ച് ഇസ്രായിലിനോട് കണക്കു ചോദിക്കാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ സജീവമാക്കല്‍ അനിവാര്യമാണെന്നും സൗദി മന്ത്രിസഭാ യോഗം പറഞ്ഞു.