ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ആനി രാജ മത്സരിച്ചതിൽ സി.പി.ഐ ദേശീയ നേതൃയോഗത്തിൽ ഭിന്നത. ആനി രാജയെ മത്സരിപ്പിച്ച നടപടി രാഷ്ട്രീയ വിവേകമില്ലായ്മയായെന്നാണ് വിമർശം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങളാണ് ഇക്കാര്യമുന്നയിച്ച് കടുത്ത വിമർശംനടത്തിയത്.
എന്നാൽ, വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നുവെന്ന് പറഞ്ഞ് പ്രസ്തുത കത്ത് ആനി രാജ യോഗത്തിൽ വായിച്ചു. ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബി.ജെ.പി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു കത്തെന്നും അവർ പറഞ്ഞു.
വിവിധ ജില്ലാ കമ്മിറ്റികളുടെ തീരുമാനമനുസരിച്ചാണ് വയനാട്ടിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ദേശീയ നേതൃത്വത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നുവെന്നും പറഞ്ഞ, കേരള നേതാക്കൾ ഇടത് സ്ഥാനാർത്ഥി ഇല്ലെങ്കിൽ വയനാട്ടിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടു ലഭിക്കുമായിരുന്നുവെന്നും വ്യക്തമാക്കി.
ഇനി വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിലും സൂക്ഷിച്ചുവേണമെന്ന നിർദേശം ചില അംഗങ്ങൾ യോഗത്തിൽ ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group