കോഴിക്കോട് / കണ്ണൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴയും കനത്ത കാറ്റും തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 15 തിങ്കൾ അവധിയായിരിക്കുമെന്ന് കലക്ടർ അറിയിപ്പിൽ വ്യക്തമാക്കി. എന്നാൽ, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടാവില്ലെന്നും കലക്ടർ വ്യക്തമാക്കി. കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും തീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കേരളത്തിൽ വീണ്ടും അതിതീവ്ര മഴയുടെ സാന്നിധ്യമാണുള്ളത്. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മൂന്ന് ജില്ലകളിൽ നാളേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group