കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. 75 ദിവസത്തോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അന്ത്യം.
ഇവരുടെ മരണത്തോടെ, വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃ സഹോദരൻ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഏപ്രിൽ 17 മുതലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമായ തോതിൽ പടർന്നത്. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നു നാട്ടുകാരിൽ നിന്നടക്കം ധനസമാഹരണം നടത്തിയാണ് യുവതിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. പഞ്ചായത്ത് സഹായനിധി രൂപീകരിച്ച് രണ്ടര ലക്ഷം കൈമാറിയിരുന്നു. ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.
ശ്രീകാന്താണ് അഞ്ജനയുടെ ഭർത്താവ്. പിതാവ്: ചന്ദ്രൻ, മാതാവ്: ശോഭ ചന്ദ്രൻ. സഹോദരി: ശ്രീലക്ഷ്മി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group