ജിദ്ദ – ലോകത്ത് പ്രവാസികള്‍ക്ക് തങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന രണ്ടാമത്തെ രാജ്യമെന്ന നേട്ടം സൗദി അറേബ്യക്ക്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2024 തയാറാക്കിയ ഏറ്റവും പുതിയ പ്രവാസി സര്‍വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് തൊഴില്‍ ജീവിതത്തില്‍ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഡെന്മാര്‍ക്ക് ആണ്. സൗദി അറേബ്യക്കു പിന്നാലെ മൂന്നാം സ്ഥാനത്ത് ബെല്‍ജിയം ആണ്.
നെതര്‍ലാന്റ്‌സ്, ലക്‌സംബര്‍ഗ്, യു.എ.ഇ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ഇന്തോനേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 174 രാജ്യങ്ങളില്‍ ജീവിക്കുന്ന 175 രാജ്യങ്ങളില്‍ നിന്നുള്ള 12,500 പ്രവാസികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയാണ് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ തൊഴില്‍ ജീവിതത്തില്‍ പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.
പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള മാറ്റം പ്രവാസികളുടെ തൊഴില്‍ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ചെലുത്തുന്ന സ്വാധീനം, ജോലിക്ക് നീതിപൂര്‍വമായ വേതനം, തൊഴില്‍ സുരക്ഷ, തൊഴിലിനും ജീവിതത്തിനുമിടയിലെ സന്തുലിതാവസ്ഥ, തൊഴില്‍ സംതൃപ്തി, വഴക്കമാര്‍ന്ന തൊഴില്‍ ശൈലി, വിദൂര തൊഴില്‍ രീതി എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് പ്രവാസികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന രാജ്യങ്ങളുടെ പട്ടിക എക്‌സ്പാറ്റ് ഇന്‍സൈഡര്‍ തയാറാക്കിയത്.