ഇരിട്ടി (കണ്ണൂർ) – തൊഴിലുറപ്പ് തൊഴിലാളികൾ ബോംബെന്നു കരുതി പേടിച്ചു വലിച്ചെറിഞ്ഞ ഓട്ടുപാത്രത്തിൽനിന്ന് ലഭിച്ചത് നിധിക്കൂമ്പാരം. കണ്ണൂർ ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്‌കൂളിനടുത്ത സ്വകാര്യ ഭൂമിയിലാണ് സംഭവം.
തൊഴിലുറപ്പു തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി എടുക്കവെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഓട്ടുപാത്രം കണ്ടെത്തിയത്. പൊട്ടിയ പാത്രത്തിൽനിന്ന് 17 മുത്തുമണികൾ, 13 സ്വർണ ലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, കുറച്ച് വെള്ളിനാണയങ്ങൾ എന്നിവ ലഭിച്ചതായി ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള തൊഴിലാളികൾ പറഞ്ഞു.
ഇവ കണ്ടെത്തിയ ഉടനെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും അതനുസരിച്ച് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി വസ്തുക്കളെല്ലാം ശേഖരിച്ച് തളിപ്പറമ്പ് കോടതിയിൽ ഹാജറാക്കിയതായി നാട്ടുകാർ പറഞ്ഞു.
ക്ഷേത്രങ്ങളിലും തറവാട് വീടുകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയ പാത്രത്തിനുള്ളത്. പഴമക്കാർ മോഷ്ടിക്കപ്പെടാതിരിക്കാൻ ഇവ ഒളിപ്പിച്ചുവെച്ചതാകുമെന്നാണ് കരുതുന്നത്. നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ പരിശോധിച്ചു പഴക്കം നിർണയിക്കാനാവുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group