ലോകത്ത് എവിടെപ്പോയാലും ആർക്കുമറിയുന്ന ഒരു ഭാഷയാണ് ചിരി!. നിങ്ങളെ കണ്ടുമുട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു എന്ന ഊഷ്മളമായ സന്ദേശമാണല്ലോ മന്ദസ്മിതം!. ചന്തത്തിലും ചൂരിലും തുല്യതയില്ലാത്ത പ്രപഞ്ചത്തിലെ ഏക പുഷ്പമാണ് പുഞ്ചിരി!മറ്റൊരാളെ കീഴടക്കാനുള്ള ചമ്മട്ടി കൂടിയാണത്. “ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനിൽക്കില്ല”
[Mark Twain ]
എത്രയോ കാലം പിണക്കത്തിലായ വ്യക്തിയെ വശത്താക്കാൻ ഒരു ചിരി മതി. തീരെ പരിചയമില്ലാത്തവരുടെ മനസ്സിലേക്ക് കടന്ന് കയറുന്നതും ചിരിയിലൂടെ തന്നെയാണല്ലോ. ചിരി ചുണ്ടിൻ്റെ ചെറിയൊരു ചലനമാണെങ്കിലും അതിലൊരു അപാരമായ മാസ്മരിക ശക്തിയുണ്ട്!. കണ്ടു മുട്ടുന്നവരൊക്കെ പുഞ്ചിരി സമ്മാനിക്കണമെന്ന് കൊതിക്കുന്നവരാണല്ലോ നമ്മൾ. അത് പോലെ തന്നെയാണ് മറ്റുള്ളവരുമെന്ന സാമാന്യബോധമുള്ളവരാരും ചിരിക്കാൻ മടിക്കില്ല.
പക്ഷേ പലർക്കും ചിരിയൊരു ഭാരമാണ്. ചിരി ചേരാത്തവരായി ആരുമില്ല. കാരണം അത് മാനുഷിക ഭാവമാണ്. മനുഷ്യനെ മൃഗത്തിൽ നിന്ന് വ്യത്യസ്ഥനാക്കുന്ന ഒന്നാണ് ചിരി. അതുകൊണ്ട് ചിരിക്കാത്ത ചുണ്ട് ചുമന്ന് നടക്കണോ എന്ന് ചിന്തിക്കേണ്ടതാണ്. നമ്മുടെ നടപ്പ്, ഇരുപ്പ് സംസാര, ചേഷ്ടകളെത്ര ചന്തമുള്ളതാണെങ്കിലും ചിരിയില്ലെങ്കിൽ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടും.
ഘനീഭവിച്ച മുഖഭാവം വ്യക്തിപ്രഭാവം കെടുത്തുന്ന ശത്രുവാണ്. “മനുഷ്യന്റെ മുഖത്ത് നിന്ന് ശീതകാലം അകറ്റുന്ന സൂര്യനാണ് ചിരി. അതിനാൽ മനസ്സ് തുറന്നു തന്നെ ചിരിക്കൂ”. [Victor Hugo]. എനിക്ക് ആരോടും നീരസമെന്നുമില്ല, പിന്നെന്തിന് ചിരിച്ച് ബോധ്യപ്പെടുത്തണം. തുടങ്ങിയ ചിന്തകളൊക്കെയാണ് ചിരിക്കാതിരിക്കാൻ പലർക്കും കാരണം. ചിരിച്ചില്ലെങ്കിൽ ഒന്നും വരാനില്ലന്നെ വിചാരം വിഡ്ഢിത്തരമാണ്. ചിരി ബന്ധങ്ങൾ വളർത്തുന്ന ഉറവയാണ്. ഉറവനിലച്ചാൽ കിണറല്ല കാട്ടാറും വറ്റി വരളും. പുഞ്ചിരിയിലൂടെ നമ്മുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്നതിന് പുറമെ മറ്റുള്ളവർക്ക് സന്തോഷം പകർന്ന് കൊടുക്കാനും കഴിയുന്നു.
സന്തോഷം തേടിയാണല്ലോ മനുഷ്യർ പരക്കം പായുന്നത്. ഒരു ചിരിയിലൂടെ അത് നൽകാൻ കഴിയുന്നതിനേക്കാൾ പുണ്യം മറ്റെന്ത്? പുഞ്ചിരി പുണ്യമാണെന്ന പ്രവാചക വചനത്തിൻ്റെ പൊരുൾ പാരാവാരം പോലെ പരന്നതാണ്. ഇന്ന് കണ്ട് മുട്ടിയ എത്ര ആളുകളോട് ചിരിച്ചു?. കണ്ടുമുട്ടിയ അപരിചിതരോടൊക്കെ ചിരിച്ചിരുന്നെങ്കിൽ നമ്മുടെ സൗഹൃബന്ധത്തിൽ എത്ര കണ്ണികൾ കൂടുമായിരുന്നു. How to Win Friends & Influence People എന്ന ഗ്രന്ഥത്തിൽ നിങ്ങളെ മറ്റുള്ളവർക്കിഷ്ടപ്പെടാനുള്ള ആറുവഴികളിൽ ഒന്നായി പുഞ്ചിരി യെയാണ് പരിചപ്പെടുത്തുന്നത്. “വികാരങ്ങൾക്ക് ആശയവിനിമയം നടത്തുവാനുള്ള ഒരു മാധ്യമമാണ് പുഞ്ചിരി “[Carroll E. Izard ] ആയുസ്സിനും ആര്യോഗ്യത്തിനും ചിരി നല്ലൊരു ചേരുവയാണെന്നാണ് സൈക്കോളജി ഗവേഷണം. ചിരി ചികിത്സ എന്നൊരു ചികിത്സാ രീതിതന്നെയുണ്ട്. gelotology എന്നാണത് അറിയപ്പെടുന്നത്.
ഹൃദ്യമായ ഒരു ചിരി ശാരീരിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കുന്നു. അത് വഴി പേശികൾക്ക് 45 മിനിറ്റ് വരെ വിശ്രമം ലഭിക്കുമത്രെ.അര മൈല്‍ നടക്കുന്നതിനു തുല്യ ഫലമാണ് മനസ്സു തുറന്നുള്ള ഒരു ചിരി. ഇത് കലോറിയെ ഏരിയിച്ചുകളയുന്നു. ചിരി പ്രമേഹം വർധിക്കാൻ കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യുന്നു. ചിരിയുടെ പെരുമ വരികളിലൊതുങ്ങില്ല. ചിരിക്ക് നിത്യജീവിതത്തിൽ ഇത്രയേറെ പ്രസക്തിയുണ്ടായത് കൊണ്ടാവാം എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിച്ച് വരുന്നത്. 1995 ൽ മുംബൈയിൽ ഡോ. മദന്‍കത്താരിയയാണ് ഇതിന് തുടക്കം കുറിച്ചത്.