ദുബായ്- കൊളുബ്രിഡേ വർഗ്ഗത്തിൽപ്പെട്ട “അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പി ” നെ ക്യാമറയിൽ പകർത്തിയ ത്രില്ലിലാണ് ദുബായിലെ സാഹസികരായ നാല് മലയാളി ഫോട്ടോഗ്രാഫർമാർ. യു.എ.ഇയിൽ വളരെ അപൂർവ്വമായി കാണുന്ന പാമ്പാണ് “ടെലിസ്കോപ്പസ് ധാരാ ” എന്നറിയപ്പെടുന്ന അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പ്.
നാട്ടിലെ പച്ചില പാമ്പിനോട് ഏറെ സാമ്യതയുള്ള ഇവ വലിയ അപകടകാരി അല്ലെങ്കിലും നേരിയ വിഷമുള്ള പാമ്പാണിത്. പ്രായപൂർത്തിയായ അറേബ്യൻ പൂച്ച കണ്ണൻ പാമ്പുകൾക്ക് സാധാരണയായി വണ്ണം കുറവും 60 മുതൽ 70 സെൻറീമീറ്റർ വരെ നീളമുണ്ടാകും. ഒമാനിൽ നിന്നും യുഎഇയിലേക്ക് കൊണ്ടുവന്ന ഈന്തപ്പന മരങ്ങളിലൂടെയാണ് ഇവയുടെ സാന്നിധ്യം യുഎഇയിൽ എത്തിയത് എന്നാണ് പഠനം.
മരുഭൂമിയിലെ മറ്റു പാമ്പുകളിൽ നിന്നും വ്യത്യസ്തമായി ഒമാൻ, യമൻ ,യുഎഇ എന്നിവിടങ്ങളിലെ പാറക്കെട്ടുകളിലും പർവ്വത പ്രദേശങ്ങളിലുമാണ് ഇവയെ കാണാറുള്ളത്.പാറക്കെട്ടുകൾ നിറഞ്ഞ ഹജർ മലനിരകളിൽ ഏറെ നേരത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് ഈ അപൂർവ്വ ഇനം പാമ്പിൻ്റെ ചിത്രം പകർത്താനായതെന്ന് ഈ സാഹസികതക്ക് നേതൃത്വം നൽകിയ നിമിഷ് പീറ്റർ ദി മലയാളം ന്യൂസിനോട് പറഞ്ഞു.
2012 മുതൽ ഹെർപ്പിങ്ങിൽ (ഉഭയജീവികളെയോ ഉരഗങ്ങളെയോ തിരയുന്ന പ്രവർത്തനമാണ് ഹെർപ്പിംഗ്) സജീവമായുള്ള ഇദ്ദേഹം 2016ൽ മറ്റൊരു പാമ്പ് വർഗ്ഗമായ “പേർഷ്യൻ ഹോണെട് വൈപ്പറി”നെ കണ്ടെത്തിയിരുന്നു. ഐ.ടി. പ്രൊഫഷണലും എറണാകുളം സ്വദേശിയുമായ നിമിഷ് പീറ്ററിനൊപ്പം സുഹൃത്തുക്കളായ തൃശൂർ സ്വദേശി നാച്ചു സീന, ഡെന്റിസ്റ്റ് ഡോ. നൗഷാദ് അലി,അനീഷ് കരിങ്ങാട്ടിൽ എന്നിവരാണ് ചിത്രം പകർത്തിയത്.